ന്യുമോണിയ ബാധിച്ച നാലുവയസ്സുകാരിക്ക് ഒന്റാരിയോയിലെ എമര്‍ജന്‍സി റൂമില്‍ കാത്തിരിക്കേണ്ടി വന്നത് 40 മണിക്കൂര്‍ 

By: 600002 On: Nov 23, 2022, 11:25 AM


ഒന്റാരിയോയിലെ എമര്‍ജന്‍സി റൂമില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നാല് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏകദേശം 40 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 9 നാണ് സംഭവം. പുലര്‍ച്ചെ 2.30 ഓടെ വുഡ്ബ്രിഡ്ജില്‍ താമസിക്കുന്ന യുവതിയുടെ മകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. 

പനി മാറാത്തതിനെ തുടര്‍ന്ന് 911 ല്‍ വിളിക്കുകയും തുടര്‍ന്ന് കുട്ടിയെ കോര്‍ട്ടെല്ലൂച്ചി വോണ്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിച്ചതിന് ശേഷം ഡോക്ടറെ സമീപിക്കാമെന്ന് കുട്ടിയുടെ മാതാവ് കരുതി. പരിശോധനകള്‍ക്ക് ശേഷം ന്യുമോണിയയാണെന്ന് കണ്ടെത്തുകയും ഒരു രാത്രി മുഴുവന്‍ അവിടെ കാത്തിരിക്കേണ്ടിയും വന്നു. 

പിറ്റേന്ന് രാവിലെ 8 മണിയോടെ പരിശോധന കേന്ദ്രത്തില്‍ നിന്നും ഇടനാഴിയിലേക്ക് മാറ്റി. അവിടെയും അഞ്ച് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. ആശുപത്രിയിലെ നടപടിക്രമങ്ങളെല്ലാം മന്ദഗതിയിലായിരുന്നു നടന്നുകൊണ്ടിരുന്നതെന്ന് കുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി. പിന്നീട് തുടര്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടി ആര്‍എസ്‌വി പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ പരിശോധനകള്‍ക്കെല്ലാമായി കുട്ടി കാത്തിരിക്കേണ്ടി വന്നത് 40 മണിക്കൂറാണ്. ദീര്‍ഘനേരം ഗുരുതരമായ അസുഖം ബാധിച്ചെത്തിയ കുട്ടി കാത്തിരിക്കേണ്ടി വന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.   

അതേസമയം, പീഡിയാട്രിക് യൂണിറ്റില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിയ കുട്ടിക്ക് കാത്തരിക്കേണ്ടി വന്നതെന്നാണ് ആശുപത്രിയുടെ വിശദീകരണം.