കാനഡയിലേക്കെത്തുന്നതിനായി ഏകദേശം 700,000 ഉക്രേനിയക്കാരില്‍ നിന്നും ഇതുവരെ വിസ അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ. ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് അഭയം നല്‍കുന്നതിനുള്ള പദ്ധതിക്ക് കീഴിലാണ് വിസ അപേക്ഷിക്കുന്നത്. മാര്‍ച്ചിനും നവംബറിനും ഇടയിലുള്ള കണക്കാണിത്. അതേസമയം, വിസകള്‍ക്ക് അംഗീകാരം ലഭിച്ച ഉക്രേനിയക്കാരില്‍ മൂന്നിലൊന്നില്‍ താഴെ മാത്രമേ രാജ്യത്തെത്തിയിട്ടുള്ളൂവെന്ന് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെഡറല്‍ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പ്രത്യേക ഇമിഗ്രേഷന്‍ നടപടികളുടെ ഭാഗമാണ് താല്‍ക്കാലിക വിസകള്‍. കാനഡയില്‍ യാത്ര ചെയ്യാനും താമസിക്കാനും ഉക്രേനിയക്കാര്‍ക്ക് അടിയന്തര അനുമതി നല്‍കുന്ന പദ്ധതിയാണിത്. ഇതുവരെ 420,000 അപേക്ഷകള്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. എന്നാല്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയു
ടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തേക്ക് ഏകദേശം 117,000 പേര്‍ കാനഡയിലെത്തിയിട്ടുണ്ട്. വിമാനമാര്‍ഗമാണ് ഇവരില്‍ ഭൂരിഭാഗം പേരും എത്തിയത്.
കാനഡയ്ക്ക് ആഴ്ചയില്‍ 14,000 വിസ അപേക്ഷകളാണ് ഉക്രേനിയക്കാരില്‍ നിന്നും ലഭിക്കുന്നതെന്ന് കാനഡയിലെ ഉക്രേനിയന്‍ അംബാസഡര്‍ ലാരിസ ഗലാഡ്‌സ സെനറ്റ് കമ്മിറ്റിയില്‍ പറഞ്ഞു. ഇതുവരെ ഏഴ് മില്യണോളം ജനങ്ങള്‍ ഉക്രയ്‌നില്‍ നിന്നും പാലായനം ചെയ്തതായും ലാരിസ ചൂണ്ടിക്കാട്ടി.