എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സങ്കടിപ്പിച്ച് നേർമ മലയാളി അസോസിയേഷൻ. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നവംബർ പത്തൊൻപതു ശനിയാഴ്ച്ച നടത്തിയ സെമിനാർ, അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉത്‌ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ് ജോബി ജോണും,സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രധാന ക്ലാസുകൾ കൈകാര്യം ചെയ്തു. പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസീക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു.
തങ്ങളുടെ മക്കൾ കാനഡ കുടിയേറിയതിന്റെ ഭാഗമായി നാട്ടിൽനിന്നു വിസിറ്റിംഗ് -ഗ്രാൻഡ് പാരന്റ് വിസയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും. മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ക്ലാസ്സുകളും,കളികളും, കഥളും പാട്ടുകളും വേറിട്ട അനുഭവമായി. സമപ്രായക്കാരായ കൂട്ടുകാരോട് കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം ചിലവഴിക്കാനായത് വലിയ ആശ്വാസമായാണ് പലരും സൂചിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സെമിനാറിൽ സംഘടിപ്പിച്ച കളികളിൽ സമ്മാനർഹരായവർക്കു നേർമ പ്രസിഡന്റ് അനൂപ് അബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. നാടിന്റെ ഓർമ പുതുക്കാൻ ഇലയിട്ട് നല്ല നാടൻ സദ്യയും നാലുമണി പലഹാരങ്ങളും നൽകിയാണ് നേർമ കുടുബാംഗങ്ങൾ വയോജനങ്ങളെ യാത്രയാക്കിയത്. സെമിനാറിൽ പങ്കെടുത്തവരെ പ്രധിനിധീകരിച്ചു വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുൻ മെംബറായിരുന്ന ശ്രീ എൽദോ കുന്നശേരിയിൽ നന്ദിപറഞ്ഞു.