കോടീശ്വരന്മാരായി പാക് സൈനിക മേധാവിയും ബന്ധുക്കളും; അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സര്‍ക്കാര്‍

By: 600021 On: Nov 22, 2022, 6:36 PM

പാകിസ്ഥാന്‍ സൈനിക മേധാവി പദവിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ  കുടുംബവും ബന്ധുക്കളും  കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കോടീശ്വരന്മാരായെന്ന് അന്വേഷണാത്മക പത്രപ്രവർത്തക പ്ലാറ്റ്‌ഫോമായ ഫോക്ട് ഫോക്കസിൻ്റെ  റിപ്പോര്‍ട്ട്. സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  ഇത് നികുതി നിയമത്തിന്‍റെ ലംഘനവും ഔദ്യോഗിക രഹസ്യ വിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്‍റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 

ബജ്‌വ കുടുംബം പാകിസ്ഥാനിലും പുറത്തുമായി  കഴിഞ്ഞ ആറ് വർഷത്തിനിടെ സ്വരൂപിച്ച ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണി മൂല്യം 12.7 ബില്യണിലധികം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ അധികൃതർ ഓൺലൈൻ പോർട്ടലിലേക്കുള്ള പ്രവേശനം തടഞ്ഞു.  വെബ്‌സൈറ്റ് ഡാറ്റ അടിസ്ഥാനമാക്കി പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതികൾ ഇതിന് മുമ്പും ഫോക്ട് ഫോക്കസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.