ഇ കൊമേഴ്സ് സൈറ്റുകളിലെ  വ്യാജ റിവ്യു നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

By: 600021 On: Nov 22, 2022, 6:11 PM

വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിൽ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ  വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാനൊരുങ്ങി  കേന്ദ്രസർക്കാർ. ഉപയോക്താക്കളിൽ നിന്ന്  ഉൽപന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാൻ അവസരം നല്‍കുന്ന ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനത്തിൽ  ഉപഭോക്താക്കളെ വഴിതെറ്റിക്കാൻ വലിയ രീതിയില്‍ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഇടപെടല്‍. ഗൂഗിള്‍, ആമസോണ്‍, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്പനികളുമായി ചർച്ച ചെയ്ത്  തയ്യാറാക്കിയിരിക്കുന്ന മാർഗനിർദേശങ്ങള്‍ നവംബർ ഇരുപത്തിയഞ്ചോടെ പുറത്തിറക്കും. ഇതിൽ  പണം നല്‍കിയോ പരസ്യമായോ നല്‍കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേർതിരിക്കാനുള്ള നിർദേശങ്ങളുമുണ്ടാവും.

റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും സർക്കാർ മാർഗനിർദേശം ബാധകമാകും.വ്യാജ റിവ്യുകൾ കണ്ടെത്തിയാല്‍ കമ്പനികൾക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടിയും  പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാതെയും വരും. കൃത്രിമ റിവ്യുകള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും.നിയന്ത്രണം വരുന്നതോടെ ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്പനികളെ തകർക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ റിവ്യുകൾക്കും  സ്റ്റാർ റെയ്റ്റിങുകൾക്കും  പരിഹാരമാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ സ്വയം നിയന്ത്രണം എന്ന നിലയ്ക്കാവും മാർഗനിർദേശങ്ങൾ  കൊണ്ടുവരിക. അത് പിന്നീട് നിയമത്തിലൂടെ ക‍ർശനമാക്കാനാണ് സാധ്യത.