ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം; ഒരാളെ സുരക്ഷാ സേന വധിച്ചു

By: 600021 On: Nov 22, 2022, 5:44 PM

ജമ്മുവിലെ അർണിയ സെക്ടറിലെ ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ  നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ സുരക്ഷാ സേന വധിച്ചു. സാംബ ജില്ലയിൽ  അതിർത്തി കടന്നെത്തിയ മറ്റൊരു നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയതായും അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു.അക്രമ സ്വഭാവം കാണിച്ച് അതിർത്തി വേലിക്ക് അടുത്ത് വരികയായിരുന്ന ഒരാളോട്  നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് വന്നതിനാലാണ് സൈനികർ വെടിവച്ചതെന്ന് ബിഎസ്എഫ്   ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് കൂടുതൽ പേർ ഉണ്ടോ എന്നറിയാൻ  പരിശോധന തുടരുകയാണ്. 

ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ  ഒരു ഭീകരനെ സുരക്ഷാ സേന കഴിഞ്ഞ ദിവസം  വധിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചിന്  പഞ്ചാബിലെ അമൃത്‌സർ മേഖലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ  അതിർത്തി സുരക്ഷാ സേന വെടിവച്ചിട്ട ക്വാഡ്-കോപ്റ്റർ സ്‌പോർട്‌സ് ഡ്രോണിൽ കയറ്റുകയും കടത്തുകയും ചെയ്ത ചില ചരക്കുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു.