അമേരിക്ക ഉൾപ്പെടെ വിദേശത്ത് നിന്ന് വരുന്നവര്‍ക്കു എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ല

By: 600084 On: Nov 22, 2022, 4:17 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : അമേരിക്ക ഉൾപ്പെടെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്കു ഇനിമുതൽ എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ആഗോള തലത്തിൽ  കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയോ, ഇല്ലാതാകുകയോ ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം. അടിയന്തിര സാഹചര്യങ്ങളിൽ യാത്ര ചെയുന്നവർക്കു ഈ തീരുമാനം വളരെ ആശ്വാസകരമാണ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും, രോഗവാഹകരല്ല എന്നു സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുഗമമായ യാത്രയ്ക്ക് തടസമാകുകയും സാങ്കേതിക ചടങ്ങെന്നതില്‍ കവിഞ്ഞ് നിലവില്‍ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാര്‍ഗനിര്‍ദ്ദേശം പുതുക്കിയത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊവിഡ് കാലത്ത് യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും  രോഗ വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ സുവിധ പോര്‍ട്ടല്‍ നടപ്പിലാക്കിയത്.

വാക്‌സിനേഷന്‍ സ്റ്റാറ്റസ്, വാക്‌സിന്‍ ഡോസുകള്‍, തിയതികള്‍ അടക്കമുള്ള വിവരങ്ങളാണ് പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടത്. നിയമം എടുത്തുമാറ്റിയെങ്കിലും വാക്‌സിനെടുക്കണമെന്നാണ് യാത്രക്കാരോട് നിര്‍ദേശിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതു കൂടുതൽ സംരക്ഷണം ഉറപ്പാക്കുമെന്നും അറിയിപ്പിൽ പറയുന്നു.