രോഗികള്‍ക്ക് ആവശ്യമായ പരിശോധനകള്‍ ലഭ്യമാക്കാന്‍ നീണ്ട നാളുകള്‍ കാത്തിരിക്കേണ്ടി വരുന്നതായി രാജ്യത്തെ റേഡിയോളജിസ്റ്റുകള്‍ പറയുന്നു. പ്രശ്‌നം വളരെ ഗുരുതരമാണെന്നും തങ്ങളില്‍ ഒരു സംഘം പാര്‍ലമെന്റ് ഹില്ലില്‍ പോയി എംപിമാരോട് നേരിട്ട് തങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ പണം നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടതായി അവര്‍ പറയുന്നു.
ഇന്‍ഫ്‌ളുവന്‍സ, കോവിഡ് കേസുകള്‍ മൂലം ആശുപത്രികളിലുണ്ടാകുന്ന തിരക്ക്, കുട്ടികളില്‍ ഗുരുതരമാകുന്ന ആര്‍എസ്‌വി രോഗത്തിന്റെ വര്‍ധന തുടങ്ങി നിരവധി കാരണങ്ങള്‍ പരിശോധന വൈകിപ്പിക്കും. മാത്രവുമല്ല, രോഗികളെ പരിശോധിക്കാനായി മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നതായി റേഡിയോളജിസ്റ്റുകള്‍ പറയുന്നു. പരിശോധനാഫലത്തിനായി കാത്തിരിക്കുന്ന ആളുകള്‍ക്ക് നീണ്ട കാത്തിരിപ്പ് സമയം ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് അസോസിയേഷന്‍ ഓഫ് റേഡിയോളജിസ്റ്റ്( CAR) വ്യക്തമാക്കുന്നു. നിലവില്‍ സിടി സ്‌കാനിനായി ആളുകള്‍ക്ക് ശരാശരി 50 മുതല്‍ 82 ദിവസം വരെയും എംആര്‍ഐയ്ക്കായി മൂന്ന് മാസവുമാണ് കാത്തിരിക്കേണ്ടി വരുന്നത്. ഈ പരിശോധനകള്‍ക്കായി ശുപാര്‍ശ ചെയ്യുന്ന സമയം ഒരു മാസമാണ്.
പ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ പഴകിയ മെഡിക്കല്‍ ഇമേജിംഗ് ഉപകരണങ്ങള്‍ മെച്ചപ്പെടുത്താന്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 1 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ നിക്ഷേപത്തിനായി അസോസിയേഷന്‍ ആവശ്യപ്പെടുന്നു. കൂടാതെ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലവില്‍ ജോലി ചെയ്യുന്നവരെ നിലനിര്‍ത്തുന്നതിനും വഴികള്‍ കണ്ടെത്തുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ കമ്പനികളും മറ്റ് സ്റ്റേക്ക്‌ഹോള്‍ഡര്‍മാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.