കാല്‍ഗറി നഗരത്തില്‍ പോലീസ്, ഫയര്‍, ഡിസ്പാച്ച് തുടങ്ങിയ പ്രൊട്ടക്റ്റീവ് സര്‍വീസുകള്‍ക്കായുള്ള ഡിമാന്‍ഡുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് തിങ്കളാഴ്ച നടന്ന ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ആവശ്യമുയര്‍ന്നു.
ഡിസ്പാച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നവര്‍ 2023 ല്‍ ഒരു മില്യണ്‍ കോളുകള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇതിനായി 77 ഓപ്പറേറ്റര്‍മാരെ കൂടി നിയമിക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമിക്കുന്നത്. ഇതിനായി പണം ആവശ്യപ്പെടാനുള്ള പദ്ധതിയിലാണ് ഡിപ്പാര്‍ട്ട്‌മെന്റ്. അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ സര്‍വീസിനായുള്ള കാത്തിരിപ്പ് സമയം നീണ്ടുപോകുമെന്നും ഡിസ്പാച്ച് മുന്നറിയിപ്പ് നല്‍കുന്നു.
അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങളെയും ഫണ്ടിന്റെ കുറവ് ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനാംഗങ്ങളെ മെഡിക്കല്‍ സര്‍വീസുകള്‍ക്കായും വിളിക്കുന്നുണ്ടെന്നും അതിനാല്‍ 184 അഗ്നിശമന സേനാംഗങ്ങളെ വാടകയ്‌ക്കെടുക്കാനും ഡൗണ്‍ടൗണ്‍ മെഡിക്കല്‍ റെസ്‌പോണ്‍സ് യൂണിറ്റ് തിരികെ കൊണ്ടുവരാനും ആകെ 73.8 മില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കാന്‍ കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാല്‍ഗറി പോലീസും സേവനങ്ങള്‍ക്കായി കൂടുതല്‍ പണം തേടുന്നുണ്ട്. 110 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 154 ജീവനക്കാരെ നിയമിക്കുന്നതിന് 34 മില്യണ്‍ ഡോളറിന്റെ ബജറ്റ് വര്‍ധനയാണ് പോലീസ് സേന ആവശ്യപ്പെടുന്നത്.