കാല്‍ഗറി ലോബ്‌ലോ വിതരണ കേന്ദ്രത്തിലെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി യൂണിയന്‍ 

By: 600002 On: Nov 22, 2022, 11:35 AM


വടക്കുകിഴക്കന്‍ കാല്‍ഗറിയില്‍ സ്ഥിതി ചെയ്യുന്ന ലോബ്‌ലോ കമ്പനിയുടെ വിതരണ കേന്ദ്രത്തിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.  കേന്ദ്രത്തിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ ടീംസ്റ്റേഴ്‌സ് ലോക്കല്‍ യൂണിയന്‍ 987 പറയുന്നത് തങ്ങളുടെ യൂണിയനിലെ മിക്ക അംഗങ്ങള്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചുവെന്നാണ്. 

534 അംഗങ്ങളാണ് വിതരണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ കുറഞ്ഞത് 527 പേര്‍ക്കെങ്കിലും(99 ശതമാനം പേര്‍ക്കും) നോട്ടീസ് ലഭിച്ചുവെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. കമ്പനി നഷ്ടത്തിലാണെന്നും അതിനാല്‍ പിരിച്ചുവിടല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അല്ലെങ്കില്‍ ലോക്കൗട്ട് തൊഴില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള പ്രതികരണമെന്ന് യൂണിയന്‍ വക്താവ് പറയുന്നു. 

കമ്പനിയുടെ പുതിയ കരാര്‍ ഈമാസം രണ്ട് തവണ യൂണിയന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ കരാര്‍ ജൂണ്‍ 6 ന് അവസാനിച്ചതോടെ അംഗങ്ങളും കമ്പനിയും തമ്മില്‍ ധാരണയില്ലാതെ കഴിയുകയായിരുന്നു. ഈ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ചില അംഗങ്ങള്‍ കാല്‍ഗറിയിലെ അംഗീകരിച്ച ലിവിംഗ് വേജായ മണിക്കൂറില്‍ 22.40 ഡോളറില്‍ താഴെയാണ് സമ്പാദിക്കുന്നതെന്ന് യൂണിയന്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സമരം നടത്തുന്നതിനോടല്ല, മറിച്ച് ഇരുപക്ഷത്തിനും ന്യായമായ കരാറുണ്ടാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് യൂണിയന്റെ വിശദീകരണം.