കാനഡയിലെ ജനങ്ങള്‍ക്ക് ഇലക്ട്രിക് ഹീറ്റ് പമ്പുകളിലേക്ക് മാറാന്‍ 250 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍  

By: 600002 On: Nov 22, 2022, 9:43 AM


കാനഡയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളില്‍ ചൂട് നിലനിര്‍ത്തുന്നതിനും ഇലക്ട്രിക് ഹീറ്റ് പമ്പുകളിലേക്ക് മാറാനും ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. നേരത്തെ പ്രഖ്യാപിച്ച 250 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ്  സര്‍ക്കാരിന്റെ പുതിയ ധനസഹായം. ഇതിലേക്ക് ഉടന്‍ അപേക്ഷിച്ചു തുടങ്ങാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

ഓയില്‍ ടു ഹീറ്റ് പമ്പ് അഫോര്‍ഡബിലിറ്റി ഗ്രാന്റ് എന്ന പദ്ധതി വഴി കുറഞ്ഞ, ഇടത്തരം വരുമാനമുള്ള വീട്ടുടമകള്‍ക്ക് 5,000 ഡോളര്‍ വരെ ധനസഹായം ലഭ്യമാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഷോണ്‍ ഫ്രേസര്‍ നോവ സ്‌കോഷ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കല്‍, പുതിയ ഉപകരണങ്ങള്‍ക്കാവശ്യമായ വൈദ്യുത നവീകരണം, ഓയില്‍ ടാങ്കുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഈ തുക സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അര്‍ഹരായവര്‍ക്ക് പുതിയ ഗ്രാന്റും നിലവിലുള്ള ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ പ്രോഗ്രാമുകളും സംയോജിപ്പിക്കാമെന്ന് മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ഗ്രാന്റ് ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും ഓരോ പ്രവിശ്യയിലേക്കും പ്രദേശങ്ങളിലേക്കും എത്ര ഫണ്ടില്‍ നിന്നും വിനിയോഗിക്കുമെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. കൂടാതെ എത്ര ആളുകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നതിനെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.