16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നരഹത്യാ നിരക്ക് 2021 ല്‍: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Nov 22, 2022, 9:09 AM


കാനഡയില്‍ നരഹത്യാ നിരക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. 2021 ല്‍ നടന്ന കൊലപാതകങ്ങളില്‍ നാലിലൊന്ന് ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2005 ന് ശേഷമുള്ള കൂട്ടക്കൊലകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020 നെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 788 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 184 എണ്ണം സംഘടിതമായി നടത്തിയ കൊലപാതകങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആയുധം തോക്കുകളാണ്. 

2020 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ധിച്ച സസ്‌ക്കച്ചുവാനിലാണ് ഏറ്റവും ഉയര്‍ന്ന നരഹത്യ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാനിറ്റോബയാണ് രണ്ടാം സ്ഥാനത്ത്. ഒന്റാരിയോയിലും ബീസിയിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആല്‍ബെര്‍ട്ടയിലും നോവ സ്‌കോഷ്യയിലും നരഹത്യ നിരക്ക് താരതമ്യേന കുറവാണ്. റെജീന, വിന്നിപെഗ്, തണ്ടര്‍ ബേ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. 

കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന തദ്ദേശീയരര്‍ തദ്ദേശീയരല്ലാത്തവരേക്കാള്‍ ആറിരട്ടി കൂടുതലാണെന്നും രാജ്യത്ത് കറുത്ത വര്‍ഗക്കാരും ദക്ഷിണേഷ്യന്‍ വംശജക്കാരും കൊലപാതകത്തിന് ഇരകളാകുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.