രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; പുനഃപരിശോധന ഹർജി നൽകാൻ ഒരുങ്ങി കോണ്‍ഗ്രസ്

By: 600021 On: Nov 21, 2022, 5:22 PM

 

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ കോൺഗ്രസ് മറ്റന്നാൾ സുപ്രീംകോടതിയിൽ  പുനഃപരിശോധന ഹർജി നൽകും.വിശദമായി വാദം കേൾക്കാതെയാണ് മോചന  ഉത്തരവ് എന്നാണ്  കേന്ദ്രത്തിന്‍റെ നിലപാട്. ഇതോടെ  പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാരും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകിയത്. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും മോചിപ്പിക്കാൻ  ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്  നവംബർ 11 നാണ് നിർദേശിച്ചത്. 

1991 മെയ് 21 - ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം  പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 - ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 - ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.