രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും കനേഡിയന്‍ പൗരത്വമുള്ളവര്‍: റിപ്പോര്‍ട്ട് 

By: 600002 On: Nov 21, 2022, 11:52 AM


കാനഡയിലെ 33.1 മില്യണ്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും(91.2%)  പൗരത്വം നേടിയവരാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ 2021 ലെ സെന്‍സസ് റിപ്പോര്‍ട്ട്. ജനനം വഴിയല്ലാതെ, കുടിയേറ്റക്കാരനായി കാനഡയിലെത്തി നോണ്‍-കനേഡിയന്‍ റെസിഡന്റായി നില്‍ക്കുകയും പതിയെ പൗരത്വം നേടാനുള്ള എല്ലാ യോഗ്യതകളും നേടുകയും നിയമപരമായി പദവി നേടുകയും ചെയ്യുമ്പോള്‍ അയാള്‍/അവള്‍ രാജ്യത്തിന്റെ പൗരനായി മാറുന്നു. ജനസംഖ്യയിലെ ബാക്കിയുള്ള 8.8 ശതമാനം പേര്‍ കനേഡിയന്‍ പൗരന്മാരല്ലത്താവരാണ്, അതായത് അവര്‍ ഒന്നുകില്‍ സ്ഥിര താമസക്കാരോ താല്‍ക്കാലിക താമസക്കാരോ ആണ്. 

2021 ല്‍ യോഗ്യരായ അഞ്ച് കുടിയേറ്റക്കാരില്‍ നാല് പേരും(80%) കനേഡിയന്‍ പൗരത്വം നേടിയവരാണ്. എന്നിരുന്നാലും കനേഡിയന്‍ പൗരത്വം നേടിയ കുടിയേറ്റക്കാര്‍ 2011 ലെ 87.8 ശതമാനത്തില്‍ നിന്നും കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കനേഡിയന്‍ പൗരന്മാരുടെ ശരാശരി പ്രായം 41.2 വയസ്സാണെങ്കില്‍ കാനഡയില്‍ താമസിക്കുന്ന സ്ഥിര-താല്‍ക്കാലിക താമസക്കാരുടെ പ്രായം 33.6 വയസ്സാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. കാനഡയുടെ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ നിര്‍ണായക കണ്ടെത്തലാണിത്.  ജനസംഖ്യയില്‍ പ്രായമായ പൗരന്മാരുള്ളതും കുറഞ്ഞ ജനനനിരക്കുമുള്ളതിനാലും കുടിയേറ്റത്തിലൂടെ തൊഴില്‍ ക്ഷാമവും വിപണി ആവശ്യങ്ങളും പരിഹരിക്കാന്‍ രാജ്യം ശ്രമിക്കും.