പൊതു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ പബ്ലിക് സേഫ്റ്റി പ്ലാന്‍ ബീസി പ്രീമിയര്‍ ഡേവിഡ് എബി അവതരിപ്പിച്ചു. സേഫര്‍ കമ്യൂണിറ്റി ആക്ഷന്‍ പ്ലാന്‍(SCAP) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ കമ്യൂണിറ്റികളെ സുരക്ഷിതമാക്കുന്നതിന് പ്രവിശ്യാതലത്തില്‍ എണ്‍ഫോഴ്‌സ്‌മെന്റ്, ഇന്റര്‍വെന്‍ഷന്‍ സര്‍വീസസ് എന്നിവയുലൂടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓരോരുത്തരും അവരവരുടെ സമൂഹത്തില്‍ സുരക്ഷിതത്വം അനുഭവിക്കാന്‍ അര്‍ഹരാണ്. ആളുകളെയും കമ്യൂണിറ്റികളെയും സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് പ്രധാന ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുവന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യം ശക്തിപ്പെടുത്താനും ലഹരിക്കടിമകളായി അക്രമാസക്തമായ നിലയില്‍ ജീവിക്കുന്നവരെ അതില്‍ നിന്നും മുക്തരാക്കുവാനും പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് എബി വ്യക്തമാക്കി.
ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന അക്രമാസക്തരായ കുറ്റവാളികളെ ജാമ്യത്തില്‍ വിടുന്നത് സംബന്ധിച്ചുള്ളവയും പദ്ധതിയില്‍ പരിഗണിക്കും. പോലീസ്, പ്രോസിക്യൂട്ടേഴ്‌സ്, പ്രൊബേഷന്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന ടീമിനെയും നിയമിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുറ്റവാളികള്‍ നടത്തുന്ന സംഭവങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കുന്ന 12 പുതിയ ടീമുകളെയും പദ്ധതി വഴി നിയമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.