ഈസ്റ്റേണ്‍ ഒന്റാരിയോയില്‍ പനി ബാധിച്ച് ഒരു കുട്ടി മരിച്ചതായി ലോക്കല്‍ ഹെല്‍ത്ത് യൂണിറ്റ് 

By: 600002 On: Nov 21, 2022, 9:03 AM


കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ഒന്റാരിയോയില്‍ ഫ്‌ളൂ ബാധിച്ച് ഒരു കുട്ടി മരിച്ചതായി ലോക്കല്‍ ഹെല്‍ത്ത് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഇന്‍ഫ്‌ളുവന്‍സ പോസിറ്റീവ് സ്ഥിരീകരിച്ച ഒരു കുട്ടി മരിച്ചതായി ലീഡ്‌സ് ഗ്രെന്‍വില്ലെ ആന്‍ഡ് ലാനാര്‍ക്ക് ഡിസ്ട്രിക്ട് ഹെല്‍ത്ത് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്ന ലി സ്ഥിരീകരിച്ചു. പനി സംബന്ധമായ മറ്റ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോ. ലിന്ന ലി അറിയിച്ചു. 

ഇന്‍ഫ്‌ളൂവന്‍സ അണുബാധകള്‍ മൂലമുള്ള മരണം അപൂര്‍വ്വമാണ്. എന്നാല്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് അസുഖം ഗുരുതരമായേക്കാമെന്നും പ്രത്യാഘാതങ്ങള്‍ കടുത്തതാകാമെന്നും ലി പറയുന്നു. പ്രായമായവര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും അണുബാധ ഗുരുതരമായേക്കാമെന്നും ലി മുന്നറിയിപ്പ് നല്‍കി.  

ഇന്‍ഫ്‌ളുവന്‍സയാണ് പ്രദേശത്ത് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന ശ്വാസകോശ സംബന്ധമായ വൈറസ്. കഴിഞ്ഞ രണ്ട് ശൈത്യകാലങ്ങളില്‍ കാര്യമായ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍, ഇത്തവണ  പതിവിലും കൂടുതല്‍ പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ലി കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റിയും ഇന്‍ഫ്‌ളുവന്‍സ സംബന്ധിച്ച ദേശീയ ഉപദേശക സമിതിയും ആറ് മാസമോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഫ്‌ളൂ വാക്‌സിന്‍ എടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.