ബീസി അരീനയില്‍ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ഫോണ്‍; ജീവനക്കാരനെ അറസ്റ്റ് ചെയ്തു 

By: 600002 On: Nov 21, 2022, 8:26 AM


ബീസിയില്‍ ഫ്രൂട്ട്‌വെയ്‌ലിലെ എത് ബീവര്‍ വാലി അരീനയില്‍ ഹോക്കി പരിശീലനത്തിനായി പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി ട്രെയില്‍ ആര്‍സിഎംപി അറിയിച്ചു. മുറിയില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ഫോണിലൂടെ പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ഇയാള്‍ ഹോക്കി അരീനയിലെ ജീവനക്കാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 

മുറിയില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാവാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ അന്വേഷണം നടത്തുകയും മൊബൈല്‍ഫോണിന്റെ ഉടമയെ കണ്ടെത്തുകയുമായിരുന്നു. 21 കാരനാണ് പ്രതി. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

വോയറിസവുമായി ബന്ധപ്പെട്ട കേസ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യാന്‍ ക്രൗണ്‍ കൗണ്‍സെലിനോട് ശുപാര്‍ശ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുക. അതുവരെ അരീനയില്‍ നിന്നും വിട്ടുനില്‍ക്കുക, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഒരു ഉപകരണങ്ങളും കൈവശം വെക്കരുത്, ഇരകളുമായി ബന്ധപ്പെടരുത് തുടങ്ങിയ നിബന്ധനകളോടെ ഇയാളെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.