നിർബന്ധിത ഹിന്ദി പഠനത്തിനെതിരെ  ദില്ലി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ  പ്രതിഷേധം 

By: 600021 On: Nov 20, 2022, 4:43 PM

ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായി  ദില്ലി സർവകലാശാല സിലബസിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ട്  ഉൾപ്പെടുത്തിയ എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ്  കമ്പല്‍സറി കോഴ്സ് ( എഇസിസി) ൽ  ഹിന്ദി പഠനം നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ബിരുദം പൂർത്തിയാക്കാൻ ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമായി ചുരുക്കിയതിനെതിരെയാണ് പ്രതിഷേധം.2018 മുതൽ നടത്തി വരുന്ന കോഴ്സിൽ കഴിഞ്ഞ വർഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നിവയായിരുന്നു ഐച്ഛിക വിഷയങ്ങൾ. ഈ വർഷം മുതൽ ഇതിൽ നിന്നും ഇംഗ്ലീഷും പരിസ്ഥിതി ശാസ്ത്രവും നീക്കി. ഇതോടെ ഹിന്ദിയോ സംസ്കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാനാകില്ല എന്ന സ്ഥിതിയാണ്.

ഒന്നു മുതൽ എട്ട് വരെ ഹിന്ദി പഠിക്കാത്തവർ പ്രത്യേക പരീക്ഷ പാസാകണമെന്ന് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ  നിലനിൽക്കുന്ന നിബന്ധനയുടെ തുടർച്ചയാണ് സിലബസിലെ ഈ മാറ്റമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രവണത മുൻ വർഷങ്ങളിലും  കണ്ടിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.ഇതേതുടർന്ന്  അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിവിധ വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.