ട്വിറ്ററിലേക്ക് തിരികെയില്ലെന്ന്  ഡൊണാൾഡ് ട്രംപ്

By: 600021 On: Nov 20, 2022, 3:18 PM

ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്വിറ്ററിൽ  അക്കൗണ്ട് നഷ്‌ടമായ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പുനസ്ഥാപിച്ചു. ട്വിറ്റർ മേധാവി ഇലോൺ മസ്ക് ശനിയാഴ്ച നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ  തുടർന്നാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന അഭിപ്രായ വോട്ടെടുപ്പിൽ മൈക്രോ-ബ്ലോഗിംഗ് സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അനുകൂലിച്ച്  51.8 ശതമാനം ഉപയോക്താക്കളും വോട്ട് ചെയ്തു. 

അതേസമയം,ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന്  'അതിന് ഒരു കാരണവും ഞാൻ കാണുന്നില്ല'  എന്നായിരുന്നു   ട്രംപിൻ്റെ  പ്രതികരണം. തന്റെ ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പ്  സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത  പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഉറച്ചുനിൽക്കുമെന്നും  ട്വിറ്ററിനേക്കാൾ മികച്ച ഉപയോക്തൃ ഇടപെടലാണ്  ട്രൂത്ത് സോഷ്യലിൽ  ഉള്ളതെന്നും അത്  അതിശയകരമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.