വിദ്യാഭ്യാസമേഖലയിലെ കേരള മാതൃക; മഹാരാഷ്ട്രയുടെ  പഠനസംഘം  കേരളത്തിൽ 

By: 600021 On: Nov 19, 2022, 7:13 PM

കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച   പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും സംഘവും തിരുവനന്തപുരത്ത്  മന്ത്രി വി ശിവന്‍കുട്ടിയുമായി  ചർച്ച നടത്തി.പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന  നവീന ആശയങ്ങളും പദ്ധതികളും മന്ത്രിയും ഉദ്യോഗസ്ഥരും മഹാരാഷ്ട്ര സംഘത്തിന് വിശദമാക്കി.മൂന്ന് മണിക്കൂറോളം നടന്ന യോഗത്തിൽ ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം  സമഗ്ര ശിക്ഷ കേരളയുടെ വിവിധ പരിപാടികളും മറ്റ് ഏജൻസികളുടെ പരിപാടികളും പ്രത്യേകം അവതരിപ്പിക്കപ്പെട്ടു .  

കേരളം ജൂൺ ഒന്നിന് നടത്തിവരുന്ന പ്രവേശനോത്സവം ഇനിമുതൽ മഹാരാഷ്ട്രയിലും  നടപ്പാക്കുമെന്നും ജന പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും  മന്ത്രി പറഞ്ഞു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചുവരുന്ന കായിക മത്സരങ്ങൾ ,കലോത്സവങ്ങൾ , ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്ര വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സമൂഹ്യപരമായ  ഇടപെടലും തദ്ദേശ സ്ഥാപനങ്ങളുടെ  പങ്കാളിത്തവും ഉറപ്പുവരുത്തിയ കേരള മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു.