ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദമാണ് ജനാധിപത്യത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും ലോകസമാധാനത്തിന്റെയും മുഖ്യ ശത്രു. ഭീകരവാദമുൾപ്പെടെ വിവിധ വെല്ലുവിളികൾ ഇന്ത്യ നേരിടുന്നുണ്ട് എന്നും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അസഹിഷ്ണുതാ നയം, തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ ശക്തമായ ചട്ടക്കൂട്, ഏജൻസികളുടെ ശാക്തീകരണം എന്നിവ മൂലം തീവ്രവാദ സംഭവങ്ങളിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ ധനസഹായ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ കേസുകളിൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ വിജയിച്ചതായും തീവ്രവാദം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദേശീയവും ആഗോളവുമായ ഡാറ്റാബേസുകൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ രീതിയിൽ സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി സർക്കാർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും അതിരുകളില്ലാത്ത ഈ ഭീഷണിക്കെതിരെ അന്താരാഷ്ട്ര സമൂഹം തോളോട് തോൾ ചേർന്ന് പോരാടുന്നത് തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.