ജി20 ഉച്ചകോടി സമാപനവേളയിൽ ഇന്ത്യയെ പ്രശംസിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി. "ഉച്ചകോടിയുടെ പ്രഖ്യാപനം ചർച്ച ചെയ്യുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി” എന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പങ്കുവെച്ചത്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.
സമാപന സമ്മേളനത്തില്‍ അടുത്ത ജി20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോ മോദിക്ക് ആതിഥേയ രാജ്യത്തിനുള്ള ബാറ്റണ്‍ കൈമാറി. 'വസുധൈവ കുടുംബകം' എന്ന ആശയം മുൻനിര്‍ത്തി ഒരു വർഷത്തെ നടപടികൾ അടുത്ത മാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ തുടങ്ങും.