'ആല്‍ബെര്‍ട്ട സമ്പദ്‌വ്യവസ്ഥ മികവുറ്റതാക്കുന്നതില്‍ കാല്‍ഗറി പ്രധാനപങ്ക് വഹിക്കുന്നു': ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Nov 19, 2022, 8:31 AM


ആല്‍ബെര്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ പ്രധാനപ്പെട്ട സംഭാവനകളാണ് കാല്‍ഗറി നല്‍കുന്നതെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. കാല്‍ഗറി ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മിത്ത്. വരും വര്‍ഷങ്ങളില്‍ പ്രവിശ്യയുടെ മുന്നോട്ടുള്ള വഴികളെക്കുറിച്ച് സ്മിത്ത് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. 

പ്രവിശ്യയുടെ ജിഡിപിയുടെ മൂന്നിലൊന്ന് കാല്‍ഗറിയില്‍ നിന്നാണ്. ലോകമെമ്പാടുമുള്ള കമ്പനികള്‍ തങ്ങളുടെ ആസ്ഥാനങ്ങളും ബ്രാഞ്ചുകളും സ്ഥാപിക്കുന്നത് പ്രധാനമായും കാല്‍ഗറിയിലാണ്. അതിനാല്‍ കാനഡയുടെ ഹൈടെക്, ഫിനാന്‍ഷ്യല്‍, എനര്‍ജി ഹബുകളായി മാറാനുള്ള പാതയിലാണ് നഗരമെന്ന് സ്മിത്ത് പറഞ്ഞു. 

മികച്ച ജീവിതനിലവാരത്തിനായി നഗരത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനും കാല്‍ഗറിയ്ക്ക് സാധിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് പ്രത്യേക പരിഗണന കാല്‍ഗറിയ്ക്ക് ഉറപ്പാക്കുന്നതായും സ്മിത്ത് അറിയിച്ചു. നഗരത്തിലെ ബിസിനസ്സുകളെയും അവയുടെ മേധാവികളെയും സ്മിത്ത് പ്രശംസിച്ചു. വെല്ലുവിളികള്‍ക്കിടയിലും ബിസിനസ്സുകള്‍ വിജയകരമായി കൊണ്ടുപോകുന്ന സംരംഭകര്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.