നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനായി(നാറ്റോ) ഹാലിഫാക്‌സില്‍ ഇന്നൊവേഷന്‍ ഹബ് സ്ഥാപിക്കുമെന്ന് പ്രതിരോധമന്ത്രി അനിത ആനന്ദ്. ടെക് സ്റ്റാര്‍ട്ടപ്പുകളും അക്കാദമിക് ഗവേഷകരും ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലയും നാറ്റോയിലെ സൈനിക അംഗങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹബിന്റെ ലക്ഷ്യം. നിര്‍ദ്ദിഷ്ട ഹബ് ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിലല്ല, മറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്-ഡാറ്റ പ്രോസസിംഗ്, ക്വാണ്ടം-എനേബിള്‍ഡ് ടെക്‌നോളജി, ബയോടെക്‌നോളജി, നോവല്‍ മെറ്റീരിയലുകള്‍ എന്നിവയുള്‍പ്പെടെ വളര്‍ച്ച പ്രാപിക്കുന്ന സാങ്കേതികവിദ്യകളിലാണ് കേന്ദ്രീകരിക്കുന്നതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
നാറ്റോ സൈനിക സംഖ്യത്തിലെ 30 ഓളം അംഗങ്ങള്‍ നവസാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് കൂടുതലായി അറിവില്ലാത്തവരാണെന്നും അവര്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും അനിത ആനന്ദ് പറഞ്ഞു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഹാലിഫാക്‌സില്‍ ഒരു ഹബ് സ്ഥാപിക്കുക എന്ന ആശയം അവതരിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിരോധ മന്ത്രിയുടെ ഈ നിര്‍ദ്ദേശത്തിന് നാറ്റോ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എങ്കിലും 2025 ഓടെ ഹബ്ബ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് ആനന്ദ് അറിയിച്ചു.