ആക്രമണോത്സുക ഡ്രൈവിംഗ് ഒന്റാരിയോയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതിനകം തന്നെ 48,537 ട്രാഫിക് നിയമലംഘനങ്ങളാണ് പ്രവിശ്യയില്‍ നടന്നതെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്(OPP) പറഞ്ഞു. ഇതില്‍ മിക്കതും അക്രമാസക്തമായി വാഹനമോടിച്ചുണ്ടായ അപകടങ്ങളാണെന്ന് പോലീസ് പറയുന്നു. ആക്രമണപരമായി വാഹനമോടിച്ചുള്ള അപകടങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പതിവായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഒപിപി പറയുന്നു.
പ്രവിശ്യയില്‍ ആക്രമണോത്സുക ഡ്രൈവിംഗിലൂടെ ട്രാഫിക് ലംഘനങ്ങള്‍ നടത്തുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ നോര്‍ത്ത് യോര്‍ക്ക് ആണ്. ഇതിനു പിന്നാലെ ഹാമില്‍ട്ടണ്‍, ബ്രാംപ്ടണ്‍, മിസിസാഗ, സ്‌കാര്‍ബറോ, ബ്രാന്റ്‌ഫോര്‍ഡ്, എറ്റോബിക്കോക്ക്, ടൊറന്റോ, കിച്ചനര്‍, ലണ്ടന്‍ എന്നീ നഗരങ്ങളും ആക്രമണോത്സുക ഡ്രൈവിംഗിന് പേര് കേട്ടതാണ്.
ആക്രമണകാരികളായ ഡ്രൈവര്‍മാര്‍ പൊതുനിരത്തിലൂടെ വാഹനമോടിക്കുന്നത് മറ്റുള്ളവരെയും അപകടത്തിലേക്ക് തള്ളിവിടും. മാന്യമായ രീതിയിലല്ല വാഹനമോടിക്കുന്നതെങ്കില്‍ അത് മറ്റ് ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലേക്ക് നയിച്ചേക്കാം. വേഗത, വാഹനം ശരിയായി നിര്‍ത്താന്‍ കഴിയാതെ വരിക, സിഗ്നലിലെ ലംഘനം, തെറ്റായ ലെയ്ന്‍ മാറ്റം, ശരിയല്ലാത്ത പാസിംഗ്, അശ്രദ്ധയോടുകൂടിയ ഡ്രൈവിംഗ് തുടങ്ങിയ കാരണങ്ങളാണ് വാഹനാപകടങ്ങളുണ്ടാകുന്നത്. കൂടാതെ ഇപ്പോള്‍ ശൈത്യാകാലമെത്തിയതോടെ വാഹനങ്ങള്‍ ഓടിക്കുന്നത് ദുഷ്‌കരമായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ മന്ദഗതിയിലാണ് റോഡിലൂടെ പോകുന്നത്. ഇതും അപകടങ്ങള്‍ക്ക് കാരണമായേക്കാം.
ഡ്രൈവിംഗ് നിയമലംഘനങ്ങള്‍ നടത്തി പിഴയൊടുക്കേണ്ടി വന്നാല്‍ അത് ഇന്‍ഷുറന്‍സ് ഉയരാന്‍ ഇടയാക്കുമെന്നും പോലീസ് പറയുന്നു.