'കളഞ്ഞു പോയ പുഞ്ചിരി' കവിത എഴുതിയത് മിനി സുരേഷ്.

By: 600108 On: Nov 18, 2022, 3:07 PM

കളഞ്ഞു പോയ പുഞ്ചിരി
***********************************

 

കളഞ്ഞു പോയ പുഞ്ചിരി

ഇന്നലെയെനിക്ക് തിരികെ കിട്ടി

വലിഞ്ഞു മുറുകിയ ഞരമ്പുകൾക്കിടയിൽ

മുഖത്തിൽ തന്നെയതൊളിച്ചിരിക്കുകയായിരുന്നു.

നിറമിഴികളിൽ തീവ്രനൊമ്പരങ്ങളുമായി

നിരാശയുടെ ശൂന്യമാം

മാറാപ്പിൽ വിധിവാക്യങ്ങളോർത്ത്

വിലപിച്ചിരിക്കുകയായിരുന്നു.

പൊയ്മുഖങ്ങളണിഞ്ഞവർക്കിടയിൽ

മായാത്ത പൊള്ളലുകളെ

ഉരുൾ പൊട്ടലുകളെ

ഭയന്നൊളിച്ചിരിക്കുകയായിരുന്നു.

ചിതലരിച്ചു തുടങ്ങിയ

ഉന്മാദ ചിന്തകളുടെ

ഗോപുര മുകളിൽ നിന്ന്

പഴിചാരലുകളുടെ

കുമ്പസാരക്കൂടുകളിലേക്ക്

നിപതിക്കുമ്പോൾ നെടുവീർപ്പുകളുമായി

വിലക്കപ്പെട്ട പറുദീസകളിൽ നിന്നും

നിസ്സഹായതയോടെ ഓടിയൊളിച്ചതായിരുന്നു.

താളം തെറ്റിയ ചിന്തകളിൽ

വരദാനമായി കിട്ടിയ നന്മകളത്രയും

ഹൃത്തിൽ നിറച്ചപ്പോൾ

അശാന്തി പടർത്തും ഓർമ്മകളിൽ നിന്നും

സമാധാനത്തിന്റെ പുതിയ നിയമങ്ങളുമായി

ഹൃദയത്തിൽ പൂത്തുലയയുന്ന

സ്നേഹോദ്യാനത്തിൻ കവാടത്തിനരികെ

കളഞ്ഞു പോയ പുഞ്ചിരിയിന്നലെ തിരികെ കിട്ടി.

**********

മിനി സുരേഷ്