എഎച്ച്എസ് ബോര്‍ഡിന് പകരം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍: പരിഷ്‌കരണം പ്രഖ്യാപിച്ച് ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Nov 18, 2022, 12:07 PM


ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്)ബോര്‍ഡിന് പകരം ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍ക്കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗും പ്രഖ്യാപിച്ചു. പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനം പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ഡോ. ജോണ്‍ കോവലാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേല്‍ക്കുകയെന്ന് സ്മിത്ത് അറിയിച്ചു.  

നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തിയ സ്മിത്ത് ഇതിനൊരു മാറ്റം അനിവാര്യമാണെന്നും അതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യേണ്ടതുണ്ടെന്നും പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. 

മുന്‍ പ്രീമിയര്‍ അലിസണ്‍ റെഡ്‌ഫോര്‍ഡിന്റെ കാലത്ത് എഎച്ച്എസ് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് അനുഭവസമ്പത്തുള്ളയാളാണ് ഡോ. ജോണ്‍ കോവല്‍. നിലവിലുള്ള പാര്‍ട്ട് ടൈം ഡയറക്ടര്‍ ബോര്‍ഡിന് പകരമായി വീണ്ടും ഔദ്യോഗിക അഡ്മിനിസ്‌ട്രേറ്ററായി കോവല്‍ പ്രവൃത്തിക്കുമെന്ന് സ്മിത്ത് അറിയിച്ചു.