കാനഡയില്‍ നാഷണല്‍ ഡെന്റല്‍ കെയര്‍ ബെനിഫിറ്റ് നിയമമായി

By: 600002 On: Nov 18, 2022, 9:50 AM


നാഷണല്‍ ഡെന്റല്‍ കെയര്‍ കവറേജ് ഫെഡറല്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. അതിന്റെ ആദ്യ പടിയായി 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ബെനിഫിറ്റ് പ്രോഗ്രാമിനുള്ള നിയമം സര്‍ക്കാര്‍ പാസാക്കി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കുള്ള ഡെന്റല്‍ ബെനിഫിറ്റ് ബില്ലിന്( Bill C-31)  അംഗീകാരം ലഭിക്കുകയും നിയമമാകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഡെന്റല്‍ കെയര്‍ ആനുകൂല്യങ്ങള്‍ക്കായി ഡിസംബര്‍ 1 മുതല്‍ അപേക്ഷിച്ച് തുടങ്ങാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

ഇപ്പോള്‍, 90,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, ഈ ആനുകൂല്യം കുടുംബ വരുമാനത്തെ ആശ്രയിച്ച് ഒരു കുട്ടിക്ക് പ്രതിവര്‍ഷം 650 ഡോളര്‍ വരെ പേയ്‌മെന്റ് ലഭിക്കും. 2022 ഒക്ടോബര്‍ 1 ന് മുമ്പുള്ള ചെലവുകള്‍ ഈ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളുന്നു. 

ദന്തല്‍ സംരക്ഷണ ചെലവുകള്‍ വഹിക്കാനായി ഡെന്റര്‍ കെയര്‍ പാക്കേജിന്റെ ആദ്യ ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്ക് നേരിട്ടുള്ള അപ്-ഫ്രണ്ട് ടാക്‌സ്-ഫ്രീ പേയ്‌മെന്റുകള്‍ നല്‍കും. ഈ ആനുകൂല്യം ലഭ്യമാക്കണമെങ്കില്‍ മാതാപിതാക്കള്‍ കാനഡ റവന്യു ഏജന്‍സി(CRA)  മുഖേന അപേക്ഷിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്. 

അപ്പോയിന്റ്‌മെന്റുകള്‍ക്ക് മുമ്പായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് തങ്ങള്‍ അര്‍ഹരാണെന്നുള്ള തെളിവുകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഡെന്റല്‍ സര്‍വീസ് പ്രൊവൈഡറെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍, അപ്പോയിന്റ്‌മെന്റ് തീയതി, തൊഴിലുടമയുടെതോ പങ്കാളിയുടേതോ ബന്ധപ്പെട്ട ബെനിഫിറ്റ് കവറേജിന്റെ വിവരങ്ങള്‍ തുടങ്ങിയ ഇതിനായി സമര്‍പ്പിക്കണം. 

ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള പ്രക്രിയ ഇപ്പോള്‍ പാസാക്കിയ ബില്ലില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഏതെങ്കിലും തരത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കി ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയും ഈടാക്കിയേക്കും.