പണിമുടക്ക്: റിമോട്ട് ലേണിംഗിലേക്ക് തിരിയാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ട് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Nov 18, 2022, 8:58 AM


സ്‌കൂളുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ ജീവനക്കാരുടെ ആസൂത്രിത പണിമുടക്ക് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടയില്‍ തിങ്കളാഴ്ച ജീവനക്കാര്‍ പണിമുടക്കിയാല്‍ അടുത്തയാഴ്ച റിമോട്ട് ലേണിംഗിലേക്ക് തിരിയാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഒന്റാരിയോയിലെ സ്‌കൂള്‍ ബോര്‍ഡുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പണിമുടക്ക് ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വന്ന് പഠിക്കുന്നതിനുള്ള ബുദ്ധിമുട്ടും സ്‌കൂളുകള്‍ക്ക് ഇന്‍-പേഴ്‌സണ്‍ പഠനരീതിയിലുണ്ടാകുന്ന ബുദ്ധിമുട്ടുമുണ്ടാകുമെന്ന് സ്‌കൂള്‍ ബോര്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ ഉടന്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയാന്‍ ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മെമ്മോയില്‍ പറയുന്നു. അതേസമയം, സ്റ്റാഫുകളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച സ്‌കൂളികള്‍ അടച്ചിടാന്‍ സ്‌കൂള്‍ല ബോര്‍ഡുകള്‍ തീരുമാനിച്ചിരിക്കുകയാണ്. 

സ്‌കൂളുകള്‍ അടച്ചിടുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാന്‍ നിരവധി ബോര്‍ഡുകള്‍ ഇതിനകം തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍-പേഴ്‌സണ്‍ പഠനം തുടരണമെന്നും പ്രഭാത ഭക്ഷണ പദ്ധതികളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.