വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ്  

By: 600021 On: Nov 17, 2022, 7:04 PM

ബഹിരാകാശ രംഗത്ത് പുത്തൻ കുതിപ്പിന് തുടക്കമിടാൻ  ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ്   ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദിലെ  സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പിന്‍റെ ആറ് മീറ്റർ ഉയരവും 545 കിലോഭാരവുമുള്ള വിക്രം എസ് എന്ന സൌണ്ടിംഗ് റോക്കറ്റാണ്  ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിണ്  ഒരുങ്ങുന്നത്. ഭാവിയിൽ  വിക്രം ശ്രേണിയിൽ മൂന്ന് ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് സ്കൈറൂട്ട് എയറോസ്പേസിൻ്റെ ലക്ഷ്യം.  

വെറും അഞ്ച് മിനുട്ട് നീണ്ടു നിൽക്കുന്ന ദൌത്യം രാവിലെ 11.30ന്  ആരംഭിക്കും. ഇതോടെ  റോക്കറ്റ് വിക്ഷേപണം  ഐഎസ്ആർഒയുടെ മാത്രം കുത്തകയല്ലാതായി മാറും. എന്നാൽ റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം  ഐഎസ്ആർഒ നൽകും. ഉപരിതലത്തിൽ നിന്ന് 81.5 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം കടലിൽ പതിക്കുന്ന റോക്കറ്റ്  ഈ ചെറു  സമയം കൊണ്ട് ഭാവി ദൌത്യങ്ങൾക്ക് ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കും. ഭാവിയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന വലിയ റോക്കറ്റുകളിൽ പ്രയോഗിക്കേണ്ട സാങ്കേതിക വിദ്യകളുടെ പരീക്ഷണമാണ് വിക്രം എസിലൂടെ നടക്കുന്നത്. സ്പേസ് കിഡ്സ് ഇന്ത്യ, അർമേനിയയിൽ നിന്നുള്ള ബസൂംക്യു , എൻ സ്പേസ് ടെക് ഇന്ത്യ എന്നിവർ നിർമ്മിച്ച  ചെറു ഉപകരണങ്ങളാണ് ആദ്യ ദൗത്യത്തിലെ സഹയാത്രികർ.