ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് കൂടി തുല്യ പങ്കാളിത്തം നല്‍കുന്ന എന്‍ജെഎസി സംവിധാനം നിര്‍ത്തലാക്കി സുപ്രീം കോടതി ഏർപ്പെടുത്തിയ കൊളീജിയം സംവിധാനത്തിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉറപ്പു നൽകി. ജഡ്ജിമാരുടെ നിയമനത്തിനായി നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന്‍ ശക്തിപ്പെടുത്തണമെന്ന ഹര്‍ജിയിലെ പ്രധാന ആവശ്യമാണ് പരിഗണിക്കുക.
എന്‍ജെഎസി നിര്‍ത്തലാക്കിയത് ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമാണ്, കൊളീജിയം സംവിധാനത്തില്‍ സുതാര്യത ഇല്ല ,കൊളീജിയം സംവിധാനം ബന്ധുജന പക്ഷപാതിത്വത്തിന് വഴി തെളിക്കുന്നതാണ് തുടങ്ങിയവയാണ് ഹര്‍ജിയിലെ മറ്റ് ആരോപണങ്ങൾ. ജഡ്ജിമാരുടെ സ്ഥലമാറ്റവും നിയമനങ്ങളും നിയമനിര്‍വഹണ സംവിധാനങ്ങളുടെ പരിധിയില്‍ വരേണ്ടതാണ്. അതിനാല്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചു നിന്ന് എന്‍ജെഎസി പുനസ്ഥാപിക്കേണ്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാനുള്ള അവസരം ഉണ്ടാകണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.