ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്ന അവസ്ഥയിൽ കർശനമാക്കിയ കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. തെക്കൻ ചൈനയിലെ ഗുവാങ്സു എന്ന വ്യവസായ നഗരത്തിൽ സീറോ കൊവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് പുറത്തിറങ്ങിയ ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ മാത്രം ആറായിരത്തിൽ അധികം കൊവിഡ് കേസുകളാണ് പ്രദേശത്ത് സ്ഥിതീകരിച്ചത്.
നഗരത്തിലെ ഹൈഷു പ്രവിശ്യയിൽ ദിവസങ്ങളായി വീടുകളിൽ തുടരാൻ നിർബന്ധിതരായ കൂലിത്തൊഴിലാളികളായ ജനങ്ങൾ ഉപജീവനം മുട്ടിയ അവസ്ഥയിലാണ്. ഭക്ഷ്യ ക്ഷാമവും സാധനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളെ ബലം പ്രയോഗിച്ചു തന്നെ നേരിടുകയാണ് ചൈനീസ് പൊലീസ്. എന്തായാലും വരും ദിവസങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സൂചന.