റിക്ക് സ്ക്കോട്ടിനെ പരാജയപ്പെടുത്തി മെക്കോന്നൽ സെനറ്റ് മൈനോറട്ടി ലീഡർ

By: 600084 On: Nov 17, 2022, 4:41 PM

പി പി ചെറിയാൻ, ഡാളസ്

വാഷിങ്ടൻ : റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റ് ലീഡറായി മിച്ചു മെക്കോന്നൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ റിക്ക് സ്ക്കോട്ടിനെയാണ് മെക്കോന്നൽ പരാജയപ്പെടുത്തിയത്. മെക്കോന്നൽ 37 സെനറ്റർമാരുടെ വോട്ടുകൾ നേടിയപ്പോൾ 10 വോട്ടുകൾ മാത്രമാണു റിക്ക് സ്ക്കോട്ടിനു ലഭിച്ചത്.

ജോർജിയ സെനറ്റ് റൺ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്സസിൽ നിന്നുള്ള സെനറ്റർ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 3216 വോട്ടുകൾക്ക് തള്ളിയിരുന്നു.

സെനറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം പാർട്ടിയെ ലീഡറായി സേവനം അനുഷ്ഠിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ചു മെക്കോന്നലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റർ മൈക്ക മാൻസ ഫീൽഡിലായിരുന്നു ഈ ബഹുമതി.

സ്ക്കോട്ടിന്റെ സ്ഥാനാർഥി ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ചു എല്ലാ സെനറ്റർമാർക്കും കത്തയയ്ക്കുകയും ചെയ്തിരുന്നു.സെനറ്റിൽ ഇതുവരെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതിൽ ഒരു സീറ്റ് കുറവ്. ജോർജിയായിൽ റൺ ഓഫ് തിരഞ്ഞെടുപ്പു കഴിഞ്ഞാൽ മാത്രമേ ഡെമോക്രാറ്റിക് പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന തീരുമാനിക്കാനാകൂ. ഇപ്പോൾ ഇവർക്ക് 50 സീറ്റുകൾ ലഭിച്ചിട്ടുണ്ട്.