ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നു; കാത്തിരിപ്പ് സമയം 12 മണിക്കൂര്‍: ബീസിയില്‍ പീഡിയാട്രിക് വാര്‍ഡുകളില്‍ തിരക്കേറുന്നു

By: 600002 On: Nov 17, 2022, 12:38 PM


ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രത്യേകിച്ച് ആര്‍എസ്‌വി രോഗം ബാധിച്ചെത്തുന്ന രോഗികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണ് ബീസിയിലെ രണ്ട് പ്രധാന ആശുപത്രികളിലുള്ളത്. ബീസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, സറേ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നീ തിരക്കേറിയ രണ്ട് പീഡിയാട്രിക് ഹോസ്പിറ്റലുകളില്‍ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം പരിധിക്ക് മുകളിലായതായാണ് കണക്കുകള്‍. 

ആശുപത്രികളില്‍ കാത്തിരിപ്പ് സമയവും വര്‍ധിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം 12 മണിക്കൂര്‍ വരെ കാത്തിരുന്നാണ് രോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ലഭ്യമായുള്ളൂ. പരിധിയില്‍ കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പീഡിയാട്രിക് ഐസിയു 120 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില ശസ്ത്രക്രിയകള്‍ മാറ്റിവെക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.