ഉല്‍പ്പാദന മേഖലയിലെ തൊഴിലാളിക്ഷാമം ക്യുബെക്കിനുണ്ടാക്കിയത് 7 ബില്യണ്‍ ഡോളറിന്റെ നഷ്ടം:  സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Nov 17, 2022, 11:51 AM


തൊഴിലാളി ക്ഷാമം മൂലം ക്യുബെക്കിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. മാനുഫാക്ച്വറിംഗ് മേഖലയെ പ്രതിനിധീകരിക്കുന്ന ക്യുബെക്ക് മാനുഫാക്‌ച്വേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ്(MEQ) അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേഷന്റെ 300 ഓളം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 98 ശതമാനം കമ്പനികളും തങ്ങള്‍ക്ക് ഒഴിവുകള്‍ നികത്താനുണ്ടെന്ന് പ്രതികരിച്ചു.  

നഷ്ടമായ 7 ബില്യണ്‍ ഡോളര്‍ ക്യുബെക്കിന്റെ മൊത്തം ഉല്‍പ്പാദന വില്‍പ്പനയായ 183 ബില്യണ്‍ ഡോളറിന്റെ 3.8 ശതമാനത്തെ പ്രതിനിധീകരിക്കുന്നതാണ്. തൊഴിലാളികളുടെ അഭാവം നിര്‍മാണ കമ്പനികള്‍ക്ക് പ്രധാനപ്പെട്ട ബിസിനസ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ വര്‍ഷം രണ്ടാം പാദത്തില്‍ ക്യുബെക്കിന്റെ നിര്‍മാണ മേഖലയില്‍ 32,000 തൊഴിലവസരങ്ങള്‍ ഉണ്ടായി. മൂന്ന് മാസം മുമ്പുള്ള ആദ്യ പാദത്തില്‍ ഇത് 30,700 ആയിരുന്നു.