എഡ്മന്റണില്‍ കഴിഞ്ഞയാഴ്ച സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത് 141 ബസ് ഷെല്‍ട്ടറുകളെന്ന് സിറ്റി 

By: 600002 On: Nov 17, 2022, 10:19 AM

 

എഡ്മന്റണില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് വര്‍ധിക്കുന്നതായി സിറ്റി അധികൃതര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലധികം ബസ് ഷെല്‍ട്ടറുകളാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഭീമമായ ക്ലീനപ്പ് ബില്ലുകളാണ് അടയ്‌ക്കേണ്ടി വരുന്നത്. 

നവംബര്‍ 11 നും 15 നും ഇടയില്‍ 141 ബസ് ഷെല്‍ട്ടറുകളിലെ ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടതെന്നും ഈ ഷെല്‍ട്ടറുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വൃത്തിയാക്കുന്നതിനും ഏകദേശം 38,000 ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി വക്താവ് അറിയിച്ചു. 

ട്രാന്‍സിറ്റ് പ്രോപ്പര്‍ട്ടിയിലെ ഏതെങ്കിലും തരത്തിലുള്ള നശീകരണ പ്രവര്‍ത്തികള്‍ കാണുകയോ ഇവ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ 780-423-4567 എന്ന പോലീസ് നോണ്‍-എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കുകയോ 911 ല്‍ വിളിക്കുകയോ ചെയ്യണമെന്ന് സിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.