സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയം: ഒന്റാരിയോയിലെ വിദ്യാഭ്യാസ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക് 

By: 600002 On: Nov 17, 2022, 9:03 AM

 

ഒന്റാരിയോ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങി വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം നടത്തുമെന്ന് അറിയിച്ച് നോട്ടീസ് നല്‍കിയതായി വിദ്യാഭ്യാസ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്( CUPE) അറിയിച്ചു. 

പ്രവിശ്യാ സര്‍ക്കാരുമായി സ്വതന്ത്രമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്താനുള്ള നിരവധി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അതെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്ന് CUPE പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കുകയാണെങ്കില്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചുപൂട്ടേണ്ടതായി വരും. 

അതേസമയം, പണിമുടക്കാനുള്ള ജീവനക്കാരുടെ അനാവശ്യ തീരുമാനത്തില്‍ സര്‍ക്കാര്‍ വളരെ നിരാശരരാണെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെസ് പറഞ്ഞു. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുവാനും വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുടങ്ങാതിരിക്കാനുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാണ്. എന്നാല്‍ യൂണിയന്‍ വീണ്ടും പണിമുടക്കുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.