ബീസി ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി പുറത്തിറക്കിയ കാനഡയിലെ മികച്ച ചെറുനഗരങ്ങളുടെ പട്ടികയില്‍ വിക്ടോറിയ ഒന്നാം സ്ഥാനം നേടി. 2022 ലെ ഏറ്റവും മികച്ച 25 നഗരങ്ങളുടെ പട്ടികയാണ് കണ്‍സള്‍ട്ടന്‍സി പുറത്തിറക്കിയിരിക്കുന്നത്.
200,000 ത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ രാജ്യത്തെമ്പാടുമുള്ള ആറ് പ്രവിശ്യകളില്‍ നിന്നുള്ള നഗരങ്ങള്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥ, തൊഴില്‍ നിരക്ക്, ഔട്ട്‌ഡോര്‍ സ്‌പേസ്, സുരക്ഷ, വരുമാന സമത്വം, ഇന്‍സ്റ്റിറ്റിയൂഷന്‍സ് തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്താണ് റാങ്കിംഗ് നിര്‍ണയിച്ചിരിക്കുന്നത്.
ബീസിയിലെ തന്നെ ചെറുനഗരമായ കെലോനയാണ് പട്ടികയില്‍ രണ്ടാമത്. പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കള്‍ച്ചര്‍, ജീവിതശൈലി തുടങ്ങിയ അടിസ്ഥാനമാക്കിയാണ് കെലോനയ്ക്ക് രണ്ടാം റാങ്ക് നല്‍കിയിരിക്കുന്നത്.
ഒന്റാരിയോയിലെ കിംഗ്‌സറ്റണ്‍, നയാഗ്ര ഫാള്‍സ്, വാട്ടര്‍ലൂ തുടങ്ങിയവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്റാരിയോയിലെ മില്‍ട്ടണ്‍ റാങ്കിംഗില്‍ പത്താം സ്ഥാനത്താണ്.