ജി20 അധ്യക്ഷ പദവി ഏറ്റെടുത്ത്  ഇന്ത്യ; സ്ത്രീപക്ഷ വികസനത്തിന് ഊന്നൽ കൊടുക്കാൻ നിർദ്ദേശം

By: 600021 On: Nov 16, 2022, 6:23 PM

 

ജി20 ൻ്റെ  അധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്ന് ഏറ്റെടുത്ത് ഇന്ത്യ. ലോകനേതാക്കളെ സാക്ഷിയാക്കി  ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോയിൽ നിന്ന്  പ്രധാന മന്ത്രി നരേന്ദ്ര മോദി ആതിഥേയരാജ്യത്തിനുള്ള ബാറ്റണ്‍ ഏറ്റുവാങ്ങി.  ഇതോടെ ലോകത്തെ പ്രബല രാജ്യങ്ങളുടെ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം  അടുത്ത ഒരു വ‍ർഷത്തേക്ക്  ഇന്ത്യക്ക് ലഭിച്ചു. ഡിസംബർ 1 മുതൽ ജി20 അധ്യക്ഷ പദവി ഇന്ത്യക്ക് ഔദ്യോഗികമായി ലഭിക്കും. വസുധൈവ കൂടുംബകം എന്ന ആശയം മുൻനിര്‍ത്തി ഒരു വർഷത്തെ നടപടികൾ അടുത്തമാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ തുടങ്ങും. 

ജി 20 ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സ്ത്രീപക്ഷ വികസനത്തിന് ജി20 അജണ്ടയിൽ പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന  പ്രതീക്ഷയും അദ്ദേഹം  പങ്കുവെച്ചു. നമ്മുടെ പ്രകൃതിയുടെ ഭാവിക്കും ജീവിതത്തിനുമായി പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് പറഞ്ഞ  മോദി കാലാവസ്ഥയുടെ നിലനിൽപ്പിനായുള്ള ജീവിതരീതി വികസിപ്പിക്കേണ്ടതിൻ്റെ  പ്രധാന്യവും  ചൂണ്ടിക്കാട്ടി. 

വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അർത്ഥം. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവർത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാൻ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.