സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ  ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങൾ 

By: 600021 On: Nov 16, 2022, 6:04 PM

സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും  ലഭിച്ചു.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയ പദ്ധതികൾ  നടപ്പിലാക്കി. വിവിധ ജില്ലകളിലായി  ഒക്‌ടോബര്‍ മാസം മുതല്‍ 4905 പരിശോധനകളാണ് നടത്തിയത്.  651 സാമ്പിളുകളാണ്  ഇതുവരെ ലാബുകളിലേക്ക് അയച്ചത് . 294 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള 25 പരിശോധനകളും നടത്തി. 

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി നടത്തിയ  446 പരിശോധനകളിൽ  6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.ഷവര്‍മ്മ നിര്‍മ്മാണത്തിന് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി.