കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി മണ്ഡലകാലത്തിനു തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. കണ്ണൂർ തളിപ്പറമ്പ് കീഴുത്രം കെ ജയരാമൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. കോട്ടയം വൈക്കം ഇണ്ഡൻതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറത്തെ മേൽശാന്തി.
അതേസമയം ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ 1250 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് സന്നിധാനത്തും പരിസരത്തുമായി സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്യൂണിക്കേഷൻ വിഭാഗം, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സിസിടിവി ക്യാമറ, താത്കാലിക പൊലീസ് സ്റ്റേഷൻ തുടങ്ങിയ സൗകങ്ങളും ഒരുക്കിയിട്ടുണ്ട് .