ഒന്റാരിയോ ഹൈവേയില്‍ തെന്നിമാറുന്ന ടയറുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു: മുന്നറിയിപ്പ് നല്‍കി പോലീസ്  

By: 600002 On: Nov 16, 2022, 12:31 PM

 

ഒന്റാരിയോയിലെ തിരക്കേറിയ ഹൈവേയില്‍ തെന്നിമാറിയ ടയറുകള്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി ഒന്റാരിയോ പോലീസ്. അടുത്ത ദിവസങ്ങളിലായി ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നവംബര്‍ 6 ന് മിസിസാഗയിലെ മാവിസ് റോഡിന് സമീപമുള്ള ഹൈവേ 403 യില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിമാറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം നടന്നിരുന്നു. ആളപായമുണ്ടായില്ല. എങ്കിലും കാറിന് ഗുരുതരമായ കേടുപാടുകളാണ് സംഭവിച്ചത്. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒന്നുമാത്രമാണെന്ന് പോലീസ് പറയുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു.

ഈ സാഹചര്യത്തില്‍ അയഞ്ഞ രീതിയില്‍ ടയര്‍ ഘടിപ്പിച്ച വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തുകയും ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അറ്റകുറ്റപ്പണി നടത്തി ടയര്‍ ഉറപ്പിക്കാതെ അശ്രദ്ധമായി വാഹനമോടിച്ചു എന്ന കാരണത്താലാണ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുക. 

നവംബറില്‍ ശൈത്യകാലം ആരംഭിക്കുന്നതിനാല്‍ ഈ സമയത്താണ് ടയര്‍ തെന്നിമാറിയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ സിഎഎ സൗത്ത് സെന്‍ട്രല്‍ ഒന്റാരിയോ വാര്‍ഷിക ശൈത്യകാല ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങളും ടിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അപകടങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശൈത്യകാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനങ്ങളില്‍ വിന്റര്‍ ടയറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കനത്ത മഞ്ഞുവീഴ്ചയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടയറുകളാണ് ഈ സീസണില്‍ അത്യാവശ്യമായി വേണ്ടത്. 

ശൈത്യകാലത്ത് ഡ്രൈവര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ടിപ്പുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.caasco.com/about-us/corporate-news/spotlight?spotlights=8915  സന്ദര്‍ശിക്കുക.