നാഷണല്‍ പബ്ലിക് അലേര്‍ട്ടിംഗ് സിസ്റ്റം ടെസ്റ്റിംഗിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്ക് 1.55 ന് ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട് സജീവമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ടെസ്റ്റ് അറിയിപ്പ് ഫോണുകളിലേക്ക് അയക്കുകയും നെറ്റ്‌വര്‍ക്ക് കാര്യക്ഷമമാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ടിവിയിലും റേഡിയോയിലും പ്ലേ ചെയ്യുകയും ചെയ്യും.
ഇത്തരം ടെസ്റ്റുകള്‍ നിര്‍ണായകമാണെന്നും സിസ്റ്റം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യമുള്ളപ്പോള്‍ അലേര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ടെസ്റ്റിംഗ് സഹായിക്കുന്നുവെന്ന് പബ്ലിക് സേഫ്റ്റ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മിനിസ്റ്റര്‍ മൈക്ക് എല്ലിസ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ അലേര്‍ട്ടുകള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും അവരുടെ സംരക്ഷണത്തിനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുഴലിക്കാറ്റ്, ആംബര്‍ അലേര്‍ട്ടുകള്‍, കാട്ടുതീ എന്നിവ പോലുള്ള അടിയന്തര സാഹചര്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ ലഭ്യമാക്കാന്‍ ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മന്ത്രി ശുപാര്‍ശ ചെയ്തു.