ബീസിയിലെ ഫാമുകളില്‍ വ്യാപിക്കുന്ന പക്ഷിപ്പനി ഏറ്റവും വിനാശകരമായതെന്ന് മൃരസംരക്ഷണ മേഖലയിലെ വിദഗ്ധര്‍. നിലവിലെ H5N1 സ്‌ട്രെയിന്‍ മുന്‍ പതിപ്പുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. വളരെ ശക്തിയാര്‍ജിച്ചതും വളരെ വേഗത്തില്‍ വ്യാപിക്കുന്നതുമായ വൈറസാണ് ഇതെന്ന് ബീസി ചീഫ് വെറ്ററിനറി തെരേസ ബേണ്‍സ് പറയുന്നു.
പുതിയ സ്‌ട്രെയിന്‍ രാജ്യത്തുടനീളം വ്യാപിക്കുന്നുണ്ട്. വളരെ അപകടകാരിയായതിനാല്‍ പക്ഷികളില്‍ ഗുരുതരമായ രോഗത്തിനും അവ ചത്തുപോകുന്നതിനും ഇടയാക്കുന്നു. 2004,2009,2014 വര്‍ഷങ്ങളില്‍ പടര്‍ന്നുപിടിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പക്ഷിപ്പനി എല്ലാ മേഖലകളിലും സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ബേണ്‍സ് പറഞ്ഞു. പക്ഷിപ്പനി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ബീസിയിലാണ്, പ്രത്യേകിച്ച് ഫ്രേസര്‍ വാലിയില്‍. എന്നാലിപ്പോള്‍ കാനഡയിലുടനീളവും, വടക്കേ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പക്ഷിപ്പനി വ്യാപകമായി പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം കാനഡയില്‍ 200 ഓളം ഫാമുകളിലെ 3.5 മില്യണ്‍ പക്ഷികളിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ പ്രതിരോധത്തിനായി വാക്‌സിനോ മറ്റ് ചികിത്സയോ മരുന്നുകളോ നിലവില്‍ കണ്ടെത്താത്തതിനാല്‍ പക്ഷികളെ കൂട്ടത്തോടെ കൊല്ലുക മാത്രമാണ് പോംവഴി. അതിനാല്‍ തന്നെ ഫാം കൃഷിക്കാര്‍ക്കും മറ്റ് കച്ചവടക്കാര്‍ക്കും വലിയ രീതിയിലുള്ള നാശനഷ്ടമാണ് പക്ഷിപ്പനി മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുട്ട, ഇറച്ചി തുടങ്ങി കോഴി, താറാവ് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെയും അവയുടെ വിതരണത്തെയും പക്ഷിപ്പനി സാരമായി ബാധിച്ചു. കയറ്റുമതി കുറയുകയും കര്‍ഷകര്‍ക്ക് നഷ്ടകച്ചവടങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യുന്നുവെന്നതാണ് നിലവിലെ സ്ഥിതി.