ആല്‍ബെര്‍ട്ടയിലെ സ്‌കൂളുകളില്‍ മാസ്‌ക് മാന്‍ഡേറ്റ് പരിഗണനയിലില്ലെന്ന് ഡാനിയേല്‍ സ്മിത്ത് 

By: 600002 On: Nov 16, 2022, 9:37 AM


ശൈത്യകാലമെത്തിയതോടെ മുന്‍കരുതലെടുക്കണം, മാസ്‌ക് മാന്‍ഡേറ്റ് വീണ്ടും പ്രഖ്യാപിക്കണം എന്നുള്ള ആഹ്വാനങ്ങള്‍ക്കിടയിലും ആല്‍ബെര്‍ട്ടയില്‍ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് ധരിക്കാം, അത് നിലവില്‍ നിര്‍ബന്ധമാക്കാനില്ലെന്ന് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ വര്‍ധന, കുട്ടികളില്‍ ആര്‍എസ്‌വി രോഗം വ്യാപിക്കുന്നത്, കോവിഡ് തുടങ്ങിയവ രാജ്യത്തുടനീളം ആരോഗ്യപരിപാലന സംവിധാനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ നല്‍കുന്നുണ്ട്. എങ്കിലും പൊതുജനാരോഗ്യ നടപടികളുമായി ബന്ധപ്പെട്ട്, ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പരിഗണനയിലില്ലെന്ന് സ്മിത്ത് വ്യക്തമാക്കി. മാസ്‌ക് ധരിക്കണമോയെന്നത് വ്യക്തികളുടെ തീരുമാനമാണ്, ആ തീരുമാനം ആര് ഏറ്റെടുക്കുന്നുവോ അവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് സ്മിത്ത് പറഞ്ഞു. 

അതേസമയം, പ്രവിശ്യയിലെ സ്‌കൂളുകളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എഡ്മന്റണ്‍ പബ്ലിക് സ്‌കൂളുകളില്‍ 13.72 ശതമാനം വിദ്യാര്‍ത്ഥികള്‍ വിവിധ അസുഖം മൂലം ക്‌ളാസില്‍ ഹാജരായിട്ടില്ലെന്നാണ് കണക്കുകള്‍. ഇത്തരത്തില്‍ പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളില്‍ കുട്ടികളുടെ ഹാജര്‍ നില വളരെ കുറവാണ്.