ഫ്ളൂ സീസണ് ആരംഭിച്ചതോടെ കാനഡയിലുടനീളമുള്ള കുട്ടികളുടെ ആശുപത്രികളിലും വാര്‍ഡുകളിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം പരിധിക്ക് മുകളിലായതായി റിപ്പോര്‍ട്ട്. പലയിടങ്ങളിലും കൂടുതലായി എത്തുന്ന രോഗികളെ ചികിത്സിക്കാനോ അഡ്മിറ്റ് ചെയ്യാനോ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മിക്ക ആശുപത്രികളും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ ഫ്ളൂവാച്ച് റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് രാജ്യത്തെ നിലവിലെ സ്ഥിതിവിശേഷം. കാനഡയിലെ ഭൂരിഭാഗം പ്രവിശ്യകളിലും പ്രദേശങ്ങളിലും സാംക്രമികരോഗങ്ങള്‍ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പീഡിയാട്രിക് വിഭാഗങ്ങളില്‍ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്‍ഫ്ളുവന്‍സ, ശ്വാസകോശ സംബന്ധമായ ആര്‍എസ്വി രോഗ ബാധ, കോവിഡ് എന്നിവ വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം പരിധിക്ക് മുകളിലാണ്. കൂടാതെ, രോഗം ബാധിച്ചെത്തുന്നവരെ ചികിത്സിക്കാനോ പരിചരിക്കാനോ മതിയായ ജീവനക്കാരില്ലാത്തും സ്ഥിതി ഒന്നുകൂടി വഷളാക്കുന്നു. മിക്കയിടങ്ങളിലും ജീവനക്കാരുടെ കുറവിനെതിരെ ഡോക്ടര്‍മാരും അധികൃതരും ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
ഫ്ളുവാച്ച് റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഫ്ളുവന്‍സയുടെ പകുതിയും(51 ശതമാനം) രണ്ട് മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികളിലും 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 28 നും നവംബര്‍ 5 നും ഇടയില്‍, 133 പീഡിയാട്രിക് ഇന്‍ഫ്ളുവന്‍സയുമായി ബന്ധപ്പെട്ട ആശുപത്രിപ്രവേശനവും 17 ഐസിയു അഡ്മിഷനുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.