പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: നിരീക്ഷിച്ചു വരികയാണെന്ന് ട്രൂഡോ; ബൈഡന്‍ അടിയന്തര യോഗം വിളിച്ചു 

By: 600002 On: Nov 16, 2022, 8:45 AM

 

പോളണ്ടിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടു എന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്‍ഡോനേഷ്യയിലെത്തിയ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നേതാക്കളും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുകയാണ്. ഇതിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ചു ചേര്‍ത്ത ജി-7, നാറ്റോ രാജ്യങ്ങളുടെ നേതാക്കളുടെ അടിയന്തര യോഗത്തില്‍ ട്രൂഡോയും പങ്കെടുത്തു. 

ഉക്രെയ്‌നിന്റെ അതിര്‍ത്തിക്കടുത്തുള്ള പോളിഷ് ഗ്രാമമായ പ്രെസെവോഡോവില്‍ ആക്രമണം നടന്നതെന്നാണ് പോളണ്ടില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആക്രമണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോളണ്ട് അറിയിച്ചു. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോളിഷ് ജനതയ്ക്ക് അനുശോചനം അറിയിക്കുന്നതായും ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് നേതാക്കളും ആക്രമണത്തെ നിശിതമായി അപലപിച്ചു. ഒപ്പം നേതാക്കള്‍ പോളണ്ടിന് എല്ലാവിധ പിന്തുണയും അറിയിച്ചു. 

അതേസമയം, പോളണ്ടിലെ മിസൈല്‍ ആക്രമണം റഷ്യയില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നാണ് ബൈഡന്‍ അടിയന്തരയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യോഗത്തില്‍ പോളണ്ടിനും ആക്രമണം സംബന്ധിച്ച അന്വേഷണത്തിനും എല്ലാവരും ഐക്യകണ്ഠമായി പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.