മെല്ലെപ്പോക്ക് തിരുത്തും;വിസ ലഭ്യമാക്കാൻ ഇനി വൈകില്ലെന്ന് കാനഡ 

By: 600021 On: Nov 15, 2022, 5:18 PM

ഇന്ത്യന്‍ തൊഴിലാളികളുടെ വിസ നടപടികളിൽ  മെല്ലെപോക്ക് നയം തിരുത്തുമെന്ന് കാനഡ. വിസ  ലഭിക്കാനുള്ള കാലതാമസം ഇനിയുണ്ടാകില്ലെന്നും  കഴിഞ്ഞ മൂന്ന് വര്‍ഷമായി കാത്തിരിക്കുന്നവർക്ക്   എത്രയും പെട്ടന്ന്  വിസ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശം പരിഗണിയ്ക്കുമെന്നും  കാനഡ ജി-20 വേദിയില്‍  വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിസയും വര്‍ക്ക് പെര്‍മിറ്റും നല്‍കുന്നതിലെ കാലതാമസവും, കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചയിൽ  ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്  തീരുമാനം.കാനഡയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അറസ്റ്റ്, മരണം സംഭവിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സഹായം, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, അത്യാഹിതങ്ങള്‍, ആ രാജ്യത്തെ ഇന്ത്യക്കാരുടെ സുരക്ഷ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി. 

ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, ട്രാവല്‍ ഏജന്റുമാര്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കുറ്റവാളികളെ കൈമാറുന്നതിലും പരസ്പര നിയമസഹായത്തിലും സഹകരണം ശക്തിപ്പെടുത്താനും തീരുമാനയായിട്ടുണ്ട്.