'ഒന്നിച്ചു നിന്നാൽ ആരെങ്കിലും ഒരാൾ, കൊല ചെയ്യപ്പെടുമെന്ന് ഉറപ്പാണ്...' ന്യുജെൻ മാര്യേജ് Part-8

By: 600009 On: Nov 15, 2022, 4:48 PM

Written by, Abraham George, Chicago.

ആനി ലോനപ്പൻ ആരെയോ ഭയപ്പെടുന്നതായി എനിക്ക് തോന്നി. മരണം തൻ്റെ മുന്നിലുണ്ടെന്ന വിചാരമായിരുന്നു അവൾക്ക്. തന്നെ ആരോ അപായപ്പെടുത്താൻ പോകുന്ന പോലെയൊരു തോന്നൽ. അതിനൊരു തുണ ആവശ്യമാണെന്ന് അവൾ കരുതി. ധൈര്യം കിട്ടാനാദ്യം മദ്യത്തെ ആശ്രയിച്ചു. അങ്ങനെയിരിക്കെയാണ് എന്നെ കണ്ടുമുട്ടുന്നത്. പറ്റിയ ഒരാൾ താനാണെന്ന് അവൾ കണക്കുകൂട്ടി. അതാണ് എന്നെ കൂടെ നിർത്താൻ ഡീൽ പദ്ധതിയുമായി മുന്നോട്ട് വന്നത്. വലിയൊരു തുകയുടെ ഓഫറും ഇതിൻ്റെ ഭാഗമായിട്ടുണ്ടായതാണ്. ഈ തുകയിൽ സാധാരണക്കാരനായ ഞാൻ പെട്ടന്ന് വീഴുമെന്ന് അവൾ കരുതി. എന്നാൽ സമയം നീണ്ടു പോയപ്പോൾ കളിച്ച നാടകമായിരിക്കണം, മദ്യപിച്ച് ഫ്ലാറ്റിൽ വന്ന് കയറിക്കിടന്നത്. ഏതായാലും അവളുടെ പദ്ധതി തൽക്കാലം വിജയിച്ചു. പക്ഷെ അവളെ തള്ളിക്കളയാൻ, എൻ്റെ മനസ്സ് അനുവദിക്കാത്തതും ഒരു പ്രധാനപ്പെട്ട ഘടകമാണ്. എനിക്കവളോട് മനസ്സിലെവിടെയൊക്കെയോ സ്നേഹം ഉണ്ടെന്നുള്ള കാര്യം മറച്ചുവെക്കാനാവില്ല. അതു കൊണ്ടു മാത്രമാണ്, അവളെ അപകടത്തിലേക്ക് തള്ളിവിടാത്തത്.

ഈ അവസരത്തിൽ അവളെ സ്വതന്ത്രയായി വിട്ടാൽ അപകടം ഉറപ്പാണ്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തന്നെയാണ്. ഇന്നത്തെ അവസ്ഥയിൽ, അവൾ കൊല്ലപ്പെട്ടാൽ, സ്വത്തിൻ്റെ അവകാശി ഞാനായി മാറും. അതു കൊണ്ട് എളുപ്പത്തിൽ ഒരു അപകട മരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട ആവശ്യമില്ല. അങ്ങനെയുണ്ടായാൽ ഞങ്ങളെ രണ്ടു പേരെയും നോട്ടമിട്ടായിരിക്കും അത് നടക്കുക. രണ്ടു പേരെയും ഒരുമിച്ച് വധിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയായിരിക്കണം അവളുടെ രജിസ്റ്റേഷൻ മാര്യേജിൻ്റെ ലക്ഷ്യം.

ഇത് സഹോദരൻ ബെന്നി ചെയ്യാൻ സാധ്യതയുണ്ടോ? ഇല്ല, എന്നാണ് എൻ്റെ മനസ്സ് പറയുന്നത്. പിന്നെ ആനിയോടുള്ള വെറുപ്പ് ജേക്കബിനാണ്. ജേക്കബ് അങ്ങനെ ചെയ്താൽ, അയാൾക്കുള്ള നേട്ടമെന്താണ്. പകയെന്നല്ലാതെ മറ്റൊന്നും അതിൽ കാണുന്നില്ല. അയാൾ പിടിക്കപ്പെടുമെന്നുള്ളത് ഉറപ്പാണ്. അയാളും ഒന്നിനും മുതിരാൻ സാധ്യതയില്ല. ഇനി വേറെയാരെങ്കിലും ഇവളോട് വൈരാഗ്യമുള്ളവരായി കാണുമോ? പക്ഷെ, ഒന്നും തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയാണ്, ആനിയെ കൊന്ന് കുറ്റം എൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കാതിരിക്കില്ല. എല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്നു തന്നെ തീരുമാനിച്ചു.

ഞാൻ ചിന്തിച്ചു "എന്തുകൊണ്ടാണ് അവൾ സഹോദരനെ വെറുക്കുന്നത്. അയാൾ ഇവൾക്കെതിരെ എന്ത് കഠിന പ്രവർത്തിയാണ് ചെയ്ത് വെച്ചത്. സഹോദരൻ ബെന്നി, ഇത്രയും നാളായിട്ടും സഹോദരിയെ കാണാൻ വന്നില്ലായെന്നത്, ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുന്നു. അവർ തമ്മിൽ എന്തോ വലിയ പ്രശ്നമുണ്ട്. അതാദ്യം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടുതന്നെ ബെന്നിയെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം ഉദിച്ചു. നനഞ്ഞാൽ കുളിച്ച് കയറണമെന്നാണല്ലോ ചൊല്ല്."

ആനിയുടെ സഹോദരൻ ബെന്നിയുടെ ഐ.ടി.കമ്പനി, അത്രക്ക് ചെറുതാണന്ന് പറയാൻ ഒക്കത്തില്ല. ഇരുന്നൂറ് സ്റ്റാഫെങ്കിലും ജോലി ചെയ്യുന്ന കമ്പനിയാണ്. അടുത്ത കാലങ്ങളിലായി കമ്പനി നഷ്ടത്തിലാണ്. നഷ്ടം നികത്താൻ ബാങ്കിൽ നിന്ന് അപ്പൻ നിക്ഷേപിച്ച പണം എടുക്കണമെങ്കിലോ, നാട്ടിലെ വസ്തുവകകൾ ബാങ്കിൽ വെച്ച് ലോൺ എടുക്കണമെങ്കിലോ, വിൽക്കണമെങ്കിലോ, ആനി കൂടി സഹകരിച്ചാലെ നടക്കുയെന്ന അവസ്ഥയാണിപ്പോൾ. കമ്പനിയെ കരകേറ്റാൻ ആനിയുടെ സഹകരണം ഒട്ടും കിട്ടുന്നില്ലതാനും. അതിനായി അവർ തമ്മിൽ പലപ്പോളായി വഴക്ക് കൂടിയിട്ടുണ്ട്. എന്നാൽ അവർക്ക് ബിസിനസ്സ് ചെയ്യാനായി, അപ്പൻ കൊടുത്ത കോടികളോളം വരുന്ന പണം എങ്ങനെ അയാൾക്ക് നഷ്ടപ്പെട്ടുയെന്ന് മനസ്സിലായില്ല. അപ്പൻ ഇത്രത്തോളം പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്, കള്ളപ്പണം വെളുപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു. അത് മക്കളെ നാശത്തിലേക്ക് വിട്ടുവെന്നതാണ് സത്യം. ബെന്നി ലോനപ്പൻ്റെ കുടില ബുദ്ധിയും പണത്തിൻ്റെ ഹുങ്കുമാണ് അയാളെ തകർച്ചയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലാക്കി. ബെന്നിയുടെ അടുത്ത സുഹൃത്തായ ജേക്കബുമായിട്ടുള്ള, ആനിയുടെ വിവാഹം, അവർ തമ്മിലുള്ള പണമിടപാടിൻ്റെ മുന്നോടിയായിട്ടുണ്ടായതാണ്.

ആനിയെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിച്ച് പണമോ, നാട്ടിലെ വസ്തുവകകളൊ വിറ്റ്, ബെന്നിയുടെ നഷ്ടം നികത്താനായിരുന്നു പ്ലാൻ. അതിൻ്റെ ഓഹരി ജേക്കബിനും കൊടുക്കാമെന്നതായിരുന്നു വ്യവസ്ഥ. ആനിയുടെ വിവാഹം നടക്കുന്നതുവരെ സഹോദരനുമായി ആനി നല്ല അടുപ്പത്തിലായിരുന്നു. ഈ വിവാഹത്തിനു ശേഷമാണ് അവർ തമ്മിൽ തെറ്റിയത്. അതിൻ്റെ പ്രധാനപ്പെട്ട കാരണമെന്താണ്. ഈ അവസരത്തിൽ ആനിയോട് ചോദിക്കുന്നത് ഉചിതമായി തോന്നിയില്ല. എന്നാലും എൻ്റെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു.

വിവാഹ ശേഷം ജേക്കബിൻ്റെ സ്വഭാവത്തിൽ കുറെ മാറ്റം വന്നു. ആനിയുടെ വസ്തു വകകൾ തനിക്കു കൂടി അവകാശപ്പെട്ടതാണന്ന തോന്നൽ ജേക്കബിൽ ബലപ്പെട്ടു. അതുകൊണ്ട് പറഞ്ഞ വ്യവസ്ഥകൾ പാലിക്കാൻ ജേക്കബ് തിടുക്കം കൂട്ടിയില്ല. അത് ബെന്നിയും ജേക്കബും തമ്മിലുള്ള വഴക്കിന് കാരണമായി. അവർ പലയിടത്തുവെച്ചും ശണ്ഠകൂടിയതായി പല തെളിവുകളും കിട്ടി. ജേക്കബ് ആകട്ടെ ശരിയാക്കാം ശരിയാക്കാമെന്നു പറയുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. അതിനിടയിലാണ് ജേക്കബും ആനിയും തമ്മിലുള്ള അടിപിടിയും വഴക്കും നടക്കുന്നത്. ആനിയുടെ മദ്യത്തിലേക്കുള്ള പോക്കും, ചീത്ത സ്ത്രീകളുമായിട്ടുള്ള കൂട്ടുകെട്ടും അയാളെ ഭയപ്പെടുത്തി.

എന്തും ചെയ്യാൻ മടിക്കില്ലായെന്ന തോന്നൽ അയാളിൽ ശക്തിപ്പെട്ടു. ലഹരി വസ്തുക്കൾ തൊടാത്ത ആനി വിവാഹശേഷമാണ് മദ്യപാനം തുടങ്ങിയത്. അത് ജേക്കബിൻ്റെ സ്വഭാവദൂഷ്യം കൊണ്ട് മാത്രമാണ്. അയാൾ പുറമെ കാണുന്ന സ്വഭാവക്കാരനായിരുന്നില്ല, വൃത്തികെട്ട ലൈംഗീക സ്വഭാവം കൂടിയുണ്ടയാൾക്ക്. കൂടാതെ അവിഹിത ബന്ധവും. കൂട്ടുകാരൊത്ത് ഭാര്യമാരെ കൈമാറുകയെന്ന ദൂഷ്യവും അയാൾക്കുണ്ടായിരുന്നു. ആനിയെ പല പ്രാവശ്യം അതിന് നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. മദ്യം കൊടുത്ത് അവളെ വശത്താക്കാൻ ശ്രമിച്ചു, അതിലും അവളെ കിട്ടിയില്ല. അതെല്ലാം സഹിച്ചാണ് അഞ്ചു കൊല്ലം അവൾ അയാളോടൊത്ത് ഒന്നിച്ച് ജീവിച്ചത്.

സഹോദരൻ്റെ സഹായം ഒട്ടും കിട്ടില്ലായെന്നറിഞ്ഞ ആനി മദ്യപാനത്തിലേക്ക് കൂടുതൽ പോകുകയാണ് ചെയ്തത്. അതിനു യോജിച്ച കൂട്ടുകാരികളെയും അവൾക്ക് കിട്ടി. ബലം പ്രയോഗിച്ച് അവളെ കൊണ്ട്, ഒന്നും ചെയ്യിക്കാനാവില്ലായെന്ന് ജേക്കബിന് മനസ്സിലായി, മാത്രമല്ല അവളുടെ ചീത്ത കൂട്ടുകെട്ട് തനിക്ക് ദോഷം ചെയ്യുമെന്നയാൾ ഭയപ്പെട്ടു. തോന്നുമ്പോൾ രാത്രി കയറി വരുകയും തോന്നുമ്പോൾ ഇറങ്ങി പോകുകയും ചെയ്യുന്നവളെ നിയന്ത്രിക്കാൻ അയാളെ കൊണ്ട് സാധിക്കാതെയായി. അവളുടെ സഹോദരന് പണം കിട്ടാതായ സ്ഥിതിക്ക്, അയാൾ അവളെയും എന്നെയും കൊല്ലാൻ വരെ സാധ്യതയുണ്ടെന്ന് ജേക്കബിന് തോന്നി. ബെന്നിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ സ്ഥിതിക്ക്, അയാൾ അത് ചെയ്യാൻ സാധ്യതയുണ്ടെന്ന് ബലമായി ജേക്കബ് വിശ്വസിച്ചു. താൻ പറഞ്ഞാൽ ആനി അനുസരിക്കുകയില്ലായെന്നും അയാൾക്ക് വ്യക്തമായി അറിയാം. അവളുടെ കുത്തഴിഞ്ഞ ജീവിതം അയാളെ ഭയപ്പെടുത്തി.

എങ്ങനെയെങ്കിലും ഈ ബന്ധം വിച്ഛേദിച്ചാൽ മതിയെന്ന് തോന്നി. വെളുക്കാൻ തേച്ചത് പാണ്ടായിയെന്ന് സാരം. അതാണ് എത്ര പണം പോയാലും തടിയൂരാൻ അയാൾ നോക്കിയത്. ഇത്രയും കാര്യങ്ങൾ ബെന്നിയുടെ കമ്പനിയിലെ പ്രധാന സ്റ്റാഫായ വേണു എന്നെ ധരിപ്പിച്ചു. എല്ലാം അറിഞ്ഞേ അടങ്ങുവെന്ന വാശിയിലായിരുന്നു ഞാൻ. ജേക്കബ് സാറിൻ്റെ വീട്ടിലെ ജോലിക്കാരനായ നാരായണനെ സമീപിച്ചു.

അയാൾ തുടർന്നു "ജേക്കബ് സാർ പുറമെ കാണുന്ന സ്വഭാവക്കാരനല്ല, കഠിനഹൃദയക്കാരനാണ്. സാറ് ആകെ തോറ്റത് ഭാര്യ ആനി മാഡത്തിൻ്റെ മുന്നിൽ മാത്രമാണ്. അതിൽ എന്തെക്കൊയോ രഹസ്യങ്ങളുണ്ട്. കൊല ചെയ്യാൻ പോലും മടിക്കാത്ത ജേക്കബ് സാറ്, അവിടെ നിസ്സഹായനായത് എന്തുകൊണ്ടാണന്ന് എനിക്കറിയില്ല. മാഡവും ചെറിയ പുള്ളിയായിരുന്നില്ല. ഇവർ തമ്മിൽ പലപ്പോളും വഴക്ക് നടന്നിട്ടുണ്ട്. അവർ അന്വോന്വം കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. മാഡത്തിന് അനുയോജ്യമായ കുറച്ച് കൂട്ടുക്കെട്ട് ഉണ്ടായിരുന്നു. അവരെ പേടിച്ചായിരിക്കണം സാറ് ഒന്നിനും മുതിരാതിരുന്നത്. എന്തെങ്കിലും ചെയ്താൽ സംഗതി കുഴപ്പത്തിലാകുമെന്ന് തോന്നിക്കാണും. അവസാനം സാറ് തന്നെയാണ് വിവാഹമോചനമെന്ന പദ്ധതി മുന്നോട്ട് വെച്ചതെന്നാണെൻ്റെ അറിവ്."

ഞാൻ ചോദിച്ചു " ജേക്കബ് സാറ്, ആനി മാഡത്തിനെ ഭയന്നിട്ടാണോ, വിവാഹമോചനം തേടാൻ ആഗ്രഹിച്ചത്, അതിനെപ്പറ്റിയെന്തെങ്കിലും നാരായണന് അറിയാമോ?"

"അതിനെപ്പറ്റി വ്യക്തമായിട്ടൊന്നും എനിക്ക്  അറിയില്ല. മാഡം എപ്പോളും ലഹരിയിലായിരിക്കും, കൂട്ടുകാരികളൊത്താണ് ഇവിടെ വരിക. മരണത്തെ ഭയപ്പെട്ടിരുന്നത് മാഡമാണന്നാണ്, എൻ്റെ കണക്കുകൂട്ടൽ. ജേക്കബ് സാറ് നല്ല സ്വാധീനമുള്ളയാളാണ്, എന്തും ചെയ്യാനുമുള്ള തൻ്റെടവുമുണ്ട്. പക്ഷെ മാഡത്തിൻ്റെ കാര്യത്തിൽ, സാറ് തോറ്റു പോയിയെന്നു വേണം കരുതാൻ. ഇത്രയും സ്വത്തുള്ള മാഡത്തെ അനുനയിപ്പിച്ച് കൂടെ നിർത്താതെ, വിവാഹമോചനം തേടിയതെന്തിനാണന്ന് എനിക്ക് മനസ്സിലാകുന്നില്ല. നാരായണൻ പറഞ്ഞു "

ജീവൻ എല്ലാവർക്കും വലുതല്ലേ സർ. ഒന്നിച്ചു നിന്നാൽ ആരെങ്കിലും ഒരാൾ, കൊല ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അത്രക്കുണ്ടായിരുന്നു അവർ തമ്മിലുള്ള വഴക്ക്. അവർ തമ്മിൽ സന്തോഷത്തോടെയുള്ള സംസാരം പോലും ഉണ്ടായതായി, എൻ്റെ ഓർമ്മയിലില്ല."

-------തുടരും--------------------