ആല്‍ബെര്‍ട്ടയില്‍ വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്നത് 56 ശതമാനം പേര്‍ മാത്രം: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Nov 15, 2022, 12:45 PM


ഈ മാസം ആദ്യ ദിവസങ്ങളില്‍ തന്നെ കനത്ത മഞ്ഞുവീഴ്ചയാണ് ആല്‍ബെര്‍ട്ടയിലുണ്ടാകുന്നത്. എന്നാല്‍ ശൈത്യകാല മുന്നറിയിപ്പുകള്‍ പാലിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആല്‍ബെര്‍ട്ടയിലുള്ളവരില്‍ പലരും അവരുടെ വാഹനങ്ങളില്‍ ഇപ്പോഴും സീസണല്‍ ടയറുകള്‍ ഉപയോഗിക്കുന്നില്ലെന്നാണ്  ലെഗറിന്റെ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടയര്‍ ആന്‍ഡ് റബ്ബര്‍ അസോസിയേഷന്‍ ഓഫ് കാനഡ(TRAC) യ്ക്ക് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സര്‍വേയില്‍ ആല്‍ബെര്‍ട്ടയിലുള്ള 56 ശതമാനം പേര്‍ മാത്രമാണ് ശൈത്യകാലത്തിനനുകൂലമായ ടയറുകള്‍ ഉപയോഗിക്കുന്നത്. ഇത് ദേശീയ ശരാശരിയടായ 63 ശതമാനത്തേക്കാള്‍ കുറവാണ്. 

വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്ന ആല്‍ബെര്‍ട്ടയിലുള്ളവര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ നേരിട്ട് അനുഭവപ്പെട്ടിട്ടുള്ളവരാണ്. വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്ന 74 ശതമാനം പേരും പറയുന്നത് വാഹനമോടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതില്‍ നിന്നും കൂട്ടിയിടിയില്‍ നിന്നും ടയറുകള്‍ മൂലം രക്ഷപ്പെട്ടിട്ടുണ്ടെന്നാണ്. എന്നാല്‍ പ്രവിശ്യയിലെ 43 ശതമാനം ഡ്രൈവര്‍മാരും വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത് റോഡുകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു പോലെ ഭീഷണിയുണ്ടാക്കുന്നതാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.